ന്യൂഡൽഹി: ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ വാരാന്ത്യത്തിന് ശേഷം ഏഷ്യയിലെ വിപണികൾ വീണ്ടും തുറന്നപ്പോൾ എണ്ണവില ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 1.09 ശതമാനം ഉയർന്ന് ബാരലിന് 84.46 ഡോളറിലെത്തി. അതേസമയം യു.എസ്. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.78 ശതമാനം ഉയർന്ന് ബാരലിന് 78.79 ഡോളറിലെത്തി.
യുദ്ധത്തിന് മുമ്പ് ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗം കടന്നുപോയിരുന്ന ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇടയാക്കുന്ന ഒരു കരാറിലെത്താൻ ഇറാനും ഒമാനും അടുത്താണെന്ന പ്രതീക്ഷയിൽ കഴിഞ്ഞയാഴ്ച ഈ രണ്ട് ബെഞ്ച്മാർക്കുകളും 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.ഒമാനുമായുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ പറയുന്നു. മാത്രമല്ല, ഹുർമുസ് തുറക്കുന്നതിന് ആറിന ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്.
ആഗോള എണ്ണവിപണിയുടെ ഇരുപത് ശതമാനവും നടക്കുന്ന ഹുർമുസ് തുറക്കുന്നതിന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് ഇറാൻ. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യു.എസ് "അവരുടെ പെരുമാറ്റം തിരുത്തണമെന്ന്" ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗർ സുൽഘദർ ആണ് ഇറാന്റെ ആറ് ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്. അതേസമയം ഇറാനുമേൽ സമ്മർദ്ദം തുടരുമെന്ന് യു.എസും വ്യക്തമാക്കി.ഇറാനുനേരെയുള്ള ഭീഷണികൾ അവസാനിപ്പിക്കുക, ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ സ്ഥിരമായി നിർത്തിവെക്കുക, ഇറാനെതിരെ ഉപരോധം തീർത്ത യു.എസിന്റെ നാവിക, വ്യോമസേനകളെ പിൻവലിക്കുക, സമീപകാല സംഘർഷത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകുക, യു.എസ് ഉപരോധങ്ങൾ പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. യുദ്ധത്തിലായാലും ചർച്ചകളിലായാലും ഈ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.