പ്രതീകാത്മക ചിത്രം

2025 ലോഹങ്ങൾ തിളങ്ങിയ വർഷം; 2026 ഓഹരി വിപണിയുടേതോ ?

സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ തിളങ്ങിയ വർഷമാണ് കടന്നുപോയത്. സ്വർണവില 80 ശതമാനവും വെള്ളി 150 ശതമാനവും ചെമ്പ് 40 ശതമാനവും ഉയർന്നു. ക്രൂഡോയിൽ വില 20 ശതമാനം കുറയുകയാണുണ്ടായത്. ബാരലിന് 60 ഡോളറിൽ താഴേക്ക് കൂപ്പുകുത്തിയ ക്രൂഡോയിൽ വില ഇനിയും താഴാതിരിക്കാൻ എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിതരണം കൂട്ടി വില ഇടിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. വിവിധ രാജ്യങ്ങളുടെ പണനയം, ആഗോള അനിശ്ചിതാവസ്ഥകൾ, വ്യാപാരയുദ്ധവും കയറ്റുമതി നിയന്ത്രണങ്ങളും, ഡിമാൻഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് കമ്മോഡിറ്റി വില ഇനിയെങ്ങോട്ട് പോകുമെന്ന് തീരുമാനിക്കുക.

2025ൽ ലഭിച്ചതുപോലെയുള്ള വില വർധന ഈ വർഷം സ്വർണത്തിന് പൊതുവിൽ പ്രതീക്ഷിക്കുന്നില്ല. ചൈന ജനുവരി മുതൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വെള്ളിയുടെ ആവശ്യകതയും വിലയും ഇനിയും വർധിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ആഭരണത്തിനും നിക്ഷേപത്തിനും മാത്രമല്ല ഇലക്ട്രോണിക് വാഹനങ്ങൾ, സോളാർ പാനൽ, 5ജി സാങ്കേതികവിദ്യ, ഓട്ടോമോട്ടിവ് ഇലക്ട്രോണിക്സ് എന്നിവയിലെ അസംസ്കൃത വസ്തു കൂടി ആയതിനാൽ വെള്ളിയുടെ ക്ഷാമം വില കൂടാൻ കാരണമാകും.

ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപന 2025ൽ ഇന്ത്യൻ ഓഹരി വിപണിയെ തളർത്തി. 2024 ഒക്ടോബറിൽ തുടങ്ങിയ വീഴ്ചയും അനിശ്ചിതാവസ്ഥയും ഇനിയും കെട്ടടങ്ങിയിട്ടില്ല. 1.66 ലക്ഷം കോടി രൂപയുടെ ഓഹരിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങൾ 2025ൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. കോവിഡ് കാലമായ 2022ലെ 1.21 ലക്ഷം കോടിയുടെ വിൽപനയാണ് ഇതിന് അടുത്തെങ്കിലും വരുന്നത്.


കാൽനൂറ്റാണ്ടിനിടെ അഞ്ച് വർഷത്തിൽ മാത്രമാണ് വിദേശ നിക്ഷേപകർ വാങ്ങിയതിനേക്കാൾ കൂടുതൽ ഓഹരി വിറ്റത്. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വർഷങ്ങളിലെ കുതിപ്പിനെ തുടർന്ന് ഉയർന്ന നിലവാരത്തിലായതും യു.എസിലും ചൈനയിലും ഹോങ്കോങ്ങിലും ഉൾപ്പെടെ മെച്ചപ്പെട്ട അവസരം കണ്ടെത്തിയതുമാണ് വിദേശനിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണം. അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവയും വ്യാപാരയുദ്ധവും നിയന്ത്രണങ്ങളും പിന്മാറ്റത്തിന് ആക്കംകൂട്ടി.

വിപണിയുടെ സ്വാഭാവിക ചക്രത്തിൽ വർഷങ്ങൾ കൂടുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. 2026ൽ വിദേശനിക്ഷേപം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടി ഇളവ്, കമ്പനികളുടെ മികച്ച പ്രകടനം, ഉൽപാദനം, തൊഴിൽ, വ്യാപാരം എന്നീ മേഖലകളിൽ വളർച്ചയുണ്ടായി. പണപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞു. കയറ്റുമതി വർധിച്ചു. മൊത്തത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട പ്രകടനം നടത്തുന്നു.

എസ്.ഐ.പി കുതിപ്പ്

ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തവും എസ്‌.ഐ.പി (തവണകളായി നിക്ഷേപിക്കുന്ന രീതി) വഴിയുള്ള റെക്കോഡ് നിക്ഷേപവും കാരണം ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം 2025ൽ ചരിത്രപരമായ മുന്നേറ്റം നടത്തി. 3.1 ലക്ഷം കോടി രൂപയാണ് 2025ൽ മ്യൂച്വൽ ഫണ്ടുകൾക്ക് എസ്.ഐ.പിയായി ലഭിച്ചത്. ഇത് സർവകാല റെക്കോഡാണ്. അടുത്ത വർഷത്തിൽ പുതിയ റെക്കോഡ് ഭേദിക്കുമെന്നാണ് വിലയിരുത്തൽ.

മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തി 81 ലക്ഷം കോടി രൂപ എന്ന റെക്കോഡ് നിലവാരത്തിലെത്തി. 2025ൽ മാത്രം ഏകദേശം 14 ലക്ഷം കോടി രൂപയുടെ വർധനയാണ് ആസ്തിയിൽ ഉണ്ടായത്. നവംബർ വരെയുള്ള കണക്കാണിത്. 2024 അവസാനം 67 ലക്ഷം കോടി രൂപയായിരുന്നത് 2025 നവംബർ ആയപ്പോഴേക്കും 81 ലക്ഷം കോടി രൂപയായി. 21 ശതമാനം വർധന. ഈ വർഷം മാത്രം നിക്ഷേപകരുടെ എണ്ണം 3.36 കോടി കൂടി. എസ്.ഐ.പി ആയി മാസാന്തം ലഭിച്ചുവന്ന വലിയ തുക ഉപയോഗപ്പെടുത്തി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണിയെ വൻ വീഴ്ചയിൽനിന്ന് തടഞ്ഞുനിർത്തി.

ഓഹരികൾക്ക് നല്ലകാലം വരും

ഒരു വർഷത്തിലേറെയായി ഇന്ത്യൻ ഓഹരി വിപണിക്ക് മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ നിഫ്റ്റി 26,000 പോയന്റ് ഭേദിച്ച് റെക്കോഡ് നിലവാരത്തിലെത്തിയ ശേഷമാണ് വീഴ്ച തുടങ്ങിയത്. 22,000 വരെ താഴ്ന്ന് പതിയെ തിരിച്ചുകയറിയെങ്കിലും പുതിയ ഉയരം കണ്ടെത്തി മുന്നേറാൻ വിപണിക്ക് കഴിയുന്നില്ല. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഉയർന്ന വെയിറ്റേജുള്ള ഓഹരികൾ വാങ്ങിക്കൂട്ടി സൂചിക വീഴാതെ പിടിച്ചുനിർത്തുന്നുവെങ്കിലും സാധാരണ നിക്ഷേപകർക്ക് നഷ്ടക്കണക്കാണ് പറയാനുള്ളത്.


ഒട്ടേറെ മികച്ച കമ്പനികളുടെ ഓഹരി വില താഴ്ചയിൽനിന്ന് കരകയറിയിട്ടില്ല. എന്നാൽ, അടുത്ത മാസങ്ങളിൽ വിപണി മുന്നേറും എന്നുതന്നെയാണ് പൊതു വിലയിരുത്തൽ. ഇപ്പോഴുള്ള 26,300 നിലവാരത്തിൽനിന്ന് 10 ശതമാനം കുതിക്കാൻ കഴിഞ്ഞാൽ ഒരു വർഷത്തോളം നീളുന്ന ബുൾ റാലി പ്രതീക്ഷിക്കാം. കമ്പനികളുടെ അടുത്ത പാദഫലം മികച്ചതാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തിരിച്ചുവരും. മുൻ വർഷങ്ങളിലെ റാലിയെ പോലെ എല്ലാ സ്റ്റോക്കും ഇനി കയറിപ്പോകും എന്ന് കരുതരുത്. ഓഹരി തെരഞ്ഞെടുപ്പ് വളരെ പ്രധാനമാകും. കമ്പനികളുടെ ഫണ്ടമെന്റൽസ് മാത്രമല്ല, ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം നടത്തും എന്നുകൂടി പരിഗണിക്കണം. ഒരുപാട് നല്ല കമ്പനികളുടെ ഓഹരി ആകർഷകമായ വിലനിലവാരത്തിൽ ഇപ്പോൾ ലഭ്യമാണ്.

Tags:    
News Summary - 2025 was the year of shining metals; will 2026 be the year of the stock market?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-01-01 04:28 GMT