കോട്ടയം: അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് മുതലാക്കി ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി തുടരുന്നതോടെ റബര്‍ വില വന്‍ തകര്‍ച്ചയില്‍. സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവാണ് രാജ്യാന്തര വിപണിയിലുണ്ടായിരിക്കുന്നത്. ഇതുമുതലെടുത്ത് കമ്പനികള്‍ ഇറക്കുമതി ശക്തിപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തും റബര്‍വില കൂപ്പുകുത്തുന്നത്. ബുധനാഴ്ച ആര്‍.എസ്.എസ് ഫോറിന് കോട്ടയത്തെ വ്യാപാരി വില 116 രൂപയായാണ് താഴ്ന്നത്. അഞ്ചാം ഗ്രേഡിന് 113.50 രൂപയാണ് വില. ലാറ്റക്സിന് വില 72 ആയി കൂപ്പുകുത്തി. ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരതപദ്ധതിയും പരാജയനിഴലിലായി. വിലയിടിവ് തുടരുന്നതിനാല്‍ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്ന തുക വേഗത്തില്‍ തീരുമെന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പണം ലഭിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജൂലൈ നാലിന് പദ്ധതിക്ക് തുടക്കമിടുമ്പോള്‍ ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബറിന് 128 രൂപയായിരുന്നു വില. ഇതാണ് 116ല്‍ എത്തിനില്‍ക്കുന്നത്. വിപണി വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന 150 രൂപയും തമ്മിലുള്ള വില വ്യത്യാസമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. വില കുറയുന്നതോടെ വ്യത്യാസം വര്‍ധിക്കുകയും പദ്ധതിക്കായി നീക്കിയിരിക്കുന്ന 300 കോടി വേഗത്തില്‍ തീരുകയും ചെയ്യും. ഇത് പദ്ധതിയുടെ ആയുസ്സ് കുറക്കാനിടയാക്കുമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ലാറ്റക്സിനെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ തുകയില്‍ വീണ്ടും കുറവുണ്ടാകുമെന്നതാണ് സ്ഥിതി.അന്താഷ്ട്ര വില കൂപ്പുകുത്തിയതോടെയാണ് കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് നാലു മാസം മാത്രം പിന്നിടുമ്പോള്‍ 1.4 ലക്ഷം ടണ്‍ റബറാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ബുധനാഴ്ച അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കിലോ റബറിന്‍െറ വില 98.98 രൂപയായാണ് ഇടിഞ്ഞത്. ക്രംബ് ബ്ളോക്കിന്‍െറ വില 85.53 രൂപ മാത്രമാണ്. ക്രംബ് ബ്ളോക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇപ്പോഴത്തെ നിലയനുസരിച്ച് ചുങ്കം അടക്കം കണക്കിലെടുത്താലും കേരളത്തില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ കിലോക്ക് 10 രൂപയോളമാണ് ലാഭം. ആഭ്യന്തര വിപണിയിലെ ചുമട്ടുകൂലി, വാഹനവാടക കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭം 30 രൂപയോളമാകും. അതേസമയം, ടയര്‍ വിലയില്‍ യാതൊരു കുറവും വരുത്താന്‍ ഇവര്‍ തയാറാകുന്നുമില്ല.
ക്രൂഡ് ഓയിലിന്‍െറ വില കുറഞ്ഞതോടെ സിന്തറ്റിക് റബര്‍ ഉല്‍പാദനം വര്‍ധിച്ചതും റബര്‍ വാങ്ങുന്നത് ചൈന കുറച്ചതുമാണ് അന്താഷ്ട്ര വിപണിയിലെ വിലയിടിവിന് പ്രധാനകാരണം. അമേരിക്ക, ഇന്തോനേഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ ചൈനയുടെ ടയറിന് നിയന്ത്രണം കൊണ്ടുവന്നതോടെ ഇവരുടെ ഉല്‍പാദനം കുറഞ്ഞു. ഇതിനൊപ്പം വിയറ്റ്നാമില്‍നിന്ന് വന്‍തോതില്‍ റബര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്തുന്നുമുണ്ട്. ഇതോടെ റബര്‍ കുന്നുകൂടിയതാണ് വില കുറയാന്‍ കാരണം. ഉല്‍പാദനം കുറഞ്ഞ മാസങ്ങളായിട്ടും വില ഇനിയും ഇടിയുമെന്ന സൂചനയാണ് റബര്‍ ബോര്‍ഡ് അധികൃതര്‍ നല്‍കുന്നത്. വില നൂറില്‍ തൊട്ടാലും അദ്ഭുതപ്പെടാനില്ളെന്ന് ഇവര്‍ വ്യക്തമാക്കുന്നു. വില സ്ഥിരതപദ്ധതിയിലൂടെ റബര്‍ വിലയിടിവ് പടിച്ചുനിര്‍ത്താന്‍ കഴിയില്ളെന്ന വിമര്‍ശം നേരത്തേ ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ വില്‍ക്കുന്ന റബറിനാണ് അനുകൂല്യമെന്നതിനാല്‍ കൂടുതല്‍ റബര്‍ വിപണിയിലത്തെും. ഇത് മറികടക്കാന്‍ റബര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.