മുംബൈ: സർവകാല റെക്കോഡ് കുതിപ്പിന് പിന്നാലെ ഓഹരി വിപണിയിൽ വൻ വിൽപന നടത്തി വിദേശ നിക്ഷേപകർ. മൂന്ന് ദിവസത്തിനുള്ളിൽ 933 ദശലക്ഷം ഡോളർ അതായത് 9,041 കോടി രൂപയാണ് അവർ കീശയിലാക്കിയത്. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെയായിരുന്നു വിൽപന. നവംബർ മാസം മൊത്തം നടത്തിയ വിൽപനയേക്കാൾ ഇരട്ടിയിലേറെയാണിത്. നവംബറിൽ 425 ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് വിറ്റത്. വിദേശ നിക്ഷേപകരുടെ കൂട്ടവിൽപനയോടെ ചരിത്രത്തിൽ ആദ്യമായി ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 90 ലേക്ക് ഇടിഞ്ഞു.
ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിൽപന നടത്തിയ വർഷമായി 2025 മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 17.3 ബില്ല്യൻ ഡോളർ അതായത് 1.56 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിൽപന നടത്തിയത്.
വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളും അവസരങ്ങളും വ്യത്യസ്തമായ ആസ്തികളുടെ മൂല്യവും പരിശോധിച്ചാണ് വിദേശികൾ നിക്ഷേപം നടത്തുന്നതെന്ന് ബാങ്ക് ബറോഡയുടെ സാമ്പത്തിക കാര്യ മേധാവി മദൻ സബ്നാവിസ് പറഞ്ഞു. യു.എസുമായുള്ള വ്യാപാര കരാർ വൈകുന്നതാണ് ഇന്ത്യയിലെ ഓഹരികളിൽ വിൽപന സമ്മർദം ശക്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരികളുടെ വില അമിതമായി ഉയർന്നിരിക്കുന്നതും കമ്പനികളുടെ വരുമാനത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തതും വിപണിക്ക് തിരിച്ചടിയായി. സമീപ ഭാവിയിലൊന്നും ഓഹരികളിലും രൂപയിലും ഒരു പരിധിയിൽ കവിഞ്ഞ മുന്നേറ്റത്തിന് സാധ്യതയില്ലെന്നും മദൻ സബ്നാവിസ് കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ശക്തമായ വിൽപന നടത്തിയിട്ടും സുപ്രധാന ഓഹരി സൂചികയായ സെൻസെക്സിനും നിഫ്റ്റിക്കും കാര്യമായ ഇടിവുണ്ടായിട്ടില്ല. ഇരു സൂചികകളും സർവകാല റെക്കോഡിന് തൊട്ടടുത്താണുള്ളത്. 14 മാസങ്ങൾക്ക് ശേഷം നവംബർ 27നാണ് സെൻസെക്സ് 86,000 കടന്ന് പുതിയ ചരിത്രം കുറിച്ചത്. അതിന് ശേഷം സെൻസെക്സ് 1000 ത്തോളം പോയന്റ് ഇടിഞ്ഞു. വിൽപന സമ്മർദത്തിനിടയിലും മ്യൂച്ച്വൽ ഫണ്ടുകളിലേക്ക് ചെറുകിട നിക്ഷേപം ഒഴുകുന്നതാണ് വിപണിയെ താങ്ങിനിർത്തുന്നത്. മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ അസോസിയേഷനായ എ.എം.എഫ്.ഐ പുറത്തുവിട്ട കണക്കുപ്രകാരം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാനുകളിലൂടെ (എസ്.ഐ.പി) നവംബർ വരെ 2.75 ലക്ഷം കോടി രൂപ ഒഴുകിയെത്തിയിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാകുന്നതിനാൽ കയറ്റുമതി അധിഷ്ടിത ഐ.ടി കമ്പനികളുടെ ഓഹരികൾ മാത്രമാണ് നിക്ഷേപകർ കാര്യമായി വാങ്ങിക്കൂട്ടിയതെന്ന് ചോയിസ് ഇക്വിറ്റി ബ്രോക്കിങ്ങിലെ റിസർച്ച് അനലിസ്റ്റ് ഹിതേഷ് ടെയ്‍ലർ പറഞ്ഞു. ഡാറ്റ സെന്ററുകളിൽ അടക്കം എ.ഐ അടിസ്ഥാന സൗകര്യ വികസനത്തിൽ കമ്പനികൾ വൻ പദ്ധതികൾ ആവിഷ്‍കരിച്ചു തുടങ്ങിയതോടെ ആഗോള ഐ.ടി മേഖലയോടുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചതും നേട്ടമായി. വിപ്രോ, ടി.സി.എസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ വ്യാഴാഴ്ചയും മുന്നേറ്റം തുടർന്നു. ഇന്ത്യയിൽനിന്ന് ഐ.ടി കയറ്റുമതി ചെയ്യുമ്പോൾ ഡോളറാണ് കമ്പനികൾക്ക് ലഭിക്കുക. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ലഭിക്കുന്ന ഡോളറിൽനിന്ന് കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.