ക്രിസ്‌മസ്-പുതുവർഷ വിൽപനയിൽ പ്രതീക്ഷ അർപ്പിച്ച് ആഭ്യന്തര വിദേശ വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ ലഭ്യമായ ഏലക്ക വാരിക്കൂട്ടുകയാണ്. ഹൈറേഞ്ചിൽ ഏലം വിളവെടുപ്പ് നാലാം റൗണ്ട് പുരോഗമിക്കുന്നു. ഇതിനിടയിൽ പുതിയ ചരക്ക് വിറ്റുമാറാൻ കാർഷിക മേഖലയും ഉത്സാഹിച്ചു. ഉൽപാദനം ഉയർന്നുനിൽക്കുന്നതിനാൽ പല അവസരത്തിലും കനത്ത തോതിൽ ചരക്ക് ലേലത്തിന് എത്തി.
കഴിഞ്ഞ സീസണിൽ ശരാശരി ഇനങ്ങൾ കിലോ 3000 രൂപ വരെ ഡിസംബർ ആദ്യം ഉയർന്ന് കർഷകരെ ആവേശംകൊള്ളിച്ചിരുന്നു. എന്നാൽ, ഇക്കുറി 2500ന് മുകളിലേക്ക് ഉൽപന്നത്തെ കയറ്റിവിടാതെയുള്ള വാങ്ങലിനാണ് പല ലേലത്തിലും ഇടപാടുകാർ നീക്കം നടത്തിയത്. ഉത്തരേന്ത്യയിൽ വിവാഹ സീസണായതിനാൽ ഏലത്തിന് ഡിമാൻഡ് ഉയർന്നുനിൽക്കുകയാണ്. സാമ്പത്തിക മേഖലയിലെ ഉണർവും ഒരു പരിധി വരെ സുഗന്ധറാണിക്ക് ആവശ്യം വർധിക്കാൻ കാരണമായി.
ആഭ്യന്തര വിപണിയിലും വിദേശത്തും ഏലത്തിന് ഡിമാൻഡ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്നു. യു.എസ്, യൂറോപ്യൻ വിപണികളിൽനിന്ന് പുതിയ ഇറക്കുമതിക്കാരുടെ അന്വേഷണങ്ങൾ എത്തുന്നുണ്ട്. ഗ്വാട്ടമാല ഏലക്കയുടെ സാന്നിധ്യം രാജ്യാന്തര വിപണിയിൽ കുറഞ്ഞതാണ് ഇന്ത്യൻ ചരക്കിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. വാരാവസാനം നടന്ന ലേലത്തിൽ കയറ്റുമതിക്ക് അനുയോജ്യമായ മികച്ചയിനങ്ങൾ കിലോ 3200 രൂപ നിലവാരത്തിൽ ഇടപാടുകൾ നടന്നു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ ജനുവരി രണ്ടാം പകുതി വരെ വിളവെടുപ്പിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ.
************
കുരുമുളക് ഉൽപാദനം അടുത്ത സീസണിൽ ഗണ്യമായി കുറയുമെന്ന വിവരമാണ് കർണാടകത്തിലെ തോട്ടം മേഖലകളിൽനിന്ന് ലഭ്യമാവുന്നത്. പ്രതികൂല കാലാവസ്ഥമൂലം ഒട്ടുമിക്ക തോട്ടങ്ങളിലും മൂപ്പ് എത്തും മുന്നേ മുളക് മണികൾ അടർന്നുവീണത് കർഷകരുടെ പ്രതീക്ഷകൾ തകിടംമറിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദനം കർണാടകത്തിലെ കൂർഗ്, ഹസ്സൻ, ചിക്കമഗളൂരു മേഖലയിലാണ്. 2024-25 സീസണിൽ 86,000 ടൺ കുരുമുളക് അവിടെ വിളഞ്ഞതായാണ് കണക്ക്. എന്നാൽ, ഇക്കുറി വിളവ് അരലക്ഷം ടണിൽ ഒതുങ്ങുമെന്ന സൂചനയാണ് ലഭ്യമാവുന്നത്. അവിടെ കാപ്പിക്ക് ഒപ്പമാണ് കുരുമുളക് കൃഷി. അതുകൊണ്ടുതന്നെ കാർഷിക ചെലവുകൾ കേരളത്തെ അപേക്ഷിച്ച് നന്നേ കുറവാണ്.
കാർഷിക മേഖല കുറഞ്ഞ അളവിലാണ് പിന്നിട്ടവാരം മുളക് വിൽപനക്ക് ഇറക്കിയത്. ക്രിസ്‌മസ് ഡിമാൻഡ് ഉൽപന്ന വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്‌റ്റുകൾ. അൺ ഗാർബ്ൾഡ് മുളക് കിലോ 692 രൂപ.
************
തമിഴ്‌നാട്ടിൽ വെളിച്ചെണ്ണക്ക് നേരിട്ട വിലത്തകർച്ചയുടെ ആഘാതം ദക്ഷിണേന്ത്യയിലെ മറ്റു വിപണികളിലേക്ക് വ്യാപിക്കുന്നു. പ്രാദേശിക വിപണികളിൽ വെളിച്ചെണ്ണക്ക് മാസാരംഭ വിൽപന പ്രതീക്ഷക്ക് ഒത്ത് ഉയരാഞ്ഞത് തമിഴ്‌നാട് സ്‌റ്റോക്കിസ്‌റ്റുകളെ സമ്മർദത്തിലാക്കി. വിദേശ പാചകയെണ്ണ വിലകൾ താഴുമെന്ന ആശങ്കയും ഇറക്കുമതി ഉയരുന്നതും കാങ്കയത്തെ കൊപ്രയാട്ട് മില്ലുകാരെ വിൽപനക്ക് പ്രേരിപ്പിച്ചു. തമിഴ്‌നാട്ടിൽ കൊപ്ര വില ക്വിൻറലിന് 1200 രൂപ താഴ്‌ന്നപ്പോൾ എണ്ണ വില 2350 രൂപയാണ് പിന്നിട്ട വാരം ഇടിഞ്ഞത്. കൊച്ചിയിൽ എണ്ണക്കും കൊപ്രക്കും തിരിച്ചടി നേരിട്ടു. വാരാന്ത്യം വെളിച്ചെണ്ണ 33,400 രൂപയിലും കൊപ്ര 22,000 രൂപയിലുമാണ്.
************
രാജ്യാന്തര റബർ അവധി വിപണിയിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ വിദേശ നിക്ഷേപകർ രംഗം വിടുന്നു. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഉൽപന്നത്തിന് നേരിട്ട വിലയിടിവ് ഇടപാടുകാരെ സാമ്പത്തികമായി തളർത്തി. സംസ്ഥാനത്ത് മഴ മേഘങ്ങൾ സജീവമായെങ്കിലും മഴമറ ഇട്ട തോട്ടങ്ങളിൽ ടാപ്പിങ്ങിന് ഉൽപാദകർ ഉത്സാഹിച്ചു, നാലാം ഗ്രേഡ് 18,400 രൂപയിൽ വിപണനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.