പ്രതീകാത്മക ചിത്രം

ല​ക്ഷ്വ​റി​യല്ല സാർ, ഇ​ൻ​വെ​സ്റ്റ്മെന്റാണ്

നിക്ഷേപമായി കണ്ട് ഭൂമിയും സ്വർണാഭരണവും സ്റ്റോക്കുകളും മ്യൂച്വൽ ഫണ്ടും വാങ്ങിയിരുന്നതിൽ നിന്ന് അത്യാഡംബര വസ്തുക്കൾ വാങ്ങുന്നതിലേക്ക് പുതുതലമുറ. ഇത് അപകടകരമോ ?

ആഗോള അത്യാഡംബര ബ്രാൻഡുകളെല്ലാം ഇന്ത്യയിലെത്തുകയും അവ സ്വന്തമാക്കൽ എളുപ്പമാവുകയും ചെയ്തതോടെ, യുവതലമുറ ഇത് നിക്ഷേപ സാധ്യതയായി കാണുന്നുവോ? മിഡിൽ ക്ലാസിന്റെ ആഡംബരഭ്രമത്തെ ‘നിക്ഷേപം’ എന്ന് പേരിട്ട് ന്യായീകരിക്കുകയാണോ ഇതിലൂടെ? അതോ ലക്ഷ്വറി ഇന്ത്യൻ മധ്യവർഗത്തിന്റെ പുതിയ നിക്ഷേപ മാർഗമായതോ?

മാറ്റം വലുത്

‘‘ആഡംബര ഉൽപന്നങ്ങൾ മികച്ചൊരു നിക്ഷേപമാണ്’’ - സാമ്പത്തിക കാര്യ ഇൻഫ്ലുവൻസർ ഗാർവിത് ഗോയൽ അഭിപ്രായപ്പെടുന്നു. ജീവിതശൈലിയെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിലേക്ക് ഇപ്പോഴത്തെ തലമുറ മാറിയതുകൊണ്ടാണ് ഈ മാറ്റമെന്നും അദ്ദേഹം പറയുന്നു.

‘‘ഞങ്ങളുടെ പണം ഞങ്ങളുടെ വ്യക്തിത്വത്തിൽ പ്രതിഫലിക്കണം. ഫിക്സഡ് ഡെപ്പോസിറ്റായി കിടന്നിട്ട് കാര്യമില്ല. നിക്ഷേപമെന്നത് പഴയ തലമുറക്ക് സുരക്ഷിതത്വമായിരുന്നുവെങ്കിൽ ഇപ്പോഴത് സ്വയം ആവിഷ്‍കാരത്തിനുകൂടിയുള്ള മാർഗമാണ്. ഒരു റോളക്സ് വാച്ചും ഒരു ജോഡി ലിമിറ്റഡ് എഡിഷൻ ജോർഡനും വെറും പൊങ്ങച്ചമല്ല ഞങ്ങൾക്ക്, ജീവിതശൈലിയും സ്റ്റാറ്റസും ലാഭവും കൂടിയാണിത്’’ -ഗാർവിത് അഭിപ്രായപ്പെടുന്നു.

ലക്ഷ്വറി ഉൽപന്നങ്ങൾ നിക്ഷേപമായി കാണുന്ന രീതിക്ക് രാജ്യത്ത് പ്രചാരം ലഭിച്ചുവരികയാണെന്ന് ഫിനാൻസ് കണ്ടന്റ് ക്രിയേറ്റർ അനാമിക റാണയും അവകാശപ്പെടുന്നു. ഇത് യാഥാർഥ്യബോധമില്ലാതെ പറയുന്നതല്ലെന്നും വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ ഒന്നായി ചെറുപ്പക്കാർ ലക്ഷ്വറി ഗുഡ്സിനെ കാണാൻ തുടങ്ങിയെന്നും അവർ പറയുന്നു. റിസെയിൽ പ്ലാറ്റ്ഫോമുകളിൽ വിൽപനക്കുവെച്ച് ഇതിലൂടെ ലാഭമുണ്ടാക്കാമെന്നുമാണ് അനാമികയുടെ അവകാശവാദം.

അപകടം ?

അതേസമയം, ഏറെ ശ്രദ്ധയോടെ വേണം ലക്ഷ്വറിയിൽ നിക്ഷേപിക്കാനെന്നും അനാമിക മുന്നറിയിപ്പ് നൽകുന്നു. മറ്റു നിക്ഷേപ ആസ്തികൾ പോലെ എളുപ്പം വിറ്റ് കാശാക്കാനാവുന്ന ഒന്നല്ല ലക്ഷ്വറികൾ. ബ്രാൻഡ് ഡിമാൻഡ്, ഉൽപന്നത്തിന്റെ കണ്ടീഷൻ, ആധികാരികത എന്നിവയിൽ അധിഷ്ഠിതമാണ് ഇവയുടെ ലിക്വിഡിറ്റി. സ്ഥിര വരുമാനമൊന്നും ഇതിൽ നിന്ന് പ്രതീക്ഷിക്കുക പോലുംവേണ്ട. ‘‘ഇത് പാഷനെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറു പോർട്ട്ഫോളിയോ മാത്രമാണ്. ഒരിക്കലും പ്രധാന നിക്ഷേപമല്ല.’’ -അനാമിക കൂട്ടിച്ചേർക്കുന്നു.

യാഥാർഥ്യം എത്ര ?

വർഷം 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള, ഉയർന്നുവരുന്ന മധ്യവർഗമാണ് ഇത്തരം ലക്ഷ്വറി പർച്ചേസ് നടത്തുന്ന പ്രധാന വിഭാഗമായി ഉയർന്നുവന്നിരിക്കുന്നതെന്ന്, സെബി അംഗീകൃത ഫിനാൻസ് ഉപദേഷ്ടാവ് അഭിഷേക് കുമാർ പറയുന്നു. പലരും ഇ.എം.ഐ പർച്ചേസ് ആണ് നടത്തുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

‘‘സത്യസന്ധമായ നിക്ഷേപമെന്നതിനെക്കാൾ, ധനികനായി കാണപ്പെടാൻ വേണ്ടിയാണ് പലരും ലക്ഷ്വറി വാങ്ങുന്നത്. അതാകട്ടെ, സമൂഹമാധ്യമങ്ങളുടെയും മാർക്കറ്റിങ് വിദ്യകളുടെയും സ്വാധീനത്തിലും. ഉപഭോഗവും നിക്ഷേപവും തമ്മിലെ വ്യത്യാസം ഇവർ മനസ്സിലാക്കുന്നുണ്ടോ ആവോ? കാലം കഴിയുമ്പോൾ ഇവയിൽ ഭൂരിഭാഗം ലക്ഷ്വറിക്കും മൂല്യം കൂടുകയല്ല, തേയ്മാനം വരികയാണ്’’ -അഭിഷേക് കുമാർ ചൂണ്ടിക്കാട്ടുന്നു.

സ്മാർട്ടായി പ്രവർത്തിച്ചാൽ ലക്ഷ്വറിയിൽ നിക്ഷേപിക്കാമെന്ന് പറയുന്ന അഭിഷേക്, മധ്യവർഗത്തിന് റോളക്സും ഹെർമെസ് ബാഗും ഒരിക്കലുമൊരു നിക്ഷേപമല്ലെന്നും വ്യക്തമാക്കുന്നു. അതായത്, ഇല്ലാത്ത പണം കൊടുത്ത് ‘പവർ’ വാങ്ങുന്നവർ ധൂർത്തിന് നൽകുന്ന പേരാകരുത് ലക്ഷ്വറി ഇൻവെസ്റ്റ്മെന്റ് എന്ന് ചുരുക്കം.

Tags:    
News Summary - It's not a luxury, sir, it's an investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.