ഫെഡറൽ ബാങ്കിന്‍റെ 9.99 ശതമാനം ഓഹരി യു.എസിലെ ബ്ലാക്ക്സ്റ്റോൺ വാങ്ങും

കൊച്ചി: അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ 6196.51 കോടി രൂപക്ക് ഫെഡറൽ ബാങ്കിന്‍റെ 9.99 ശതമാനം ഓഹരി വാങ്ങും. ബാങ്ക് ഡയറക്ടർ ബോർഡ് അനുമതി നൽകിയ ഇടപാട്, സ്റ്റോക്ക് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്തു. അടുത്തമാസം 19ന് ബാങ്ക് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം ഓൺലൈനായി വിളിച്ചിട്ടുണ്ട്. തുടർന്ന് റിസർവ് ബാങ്കിന്‍റെ അംഗീകാരം തേടും.

അനുബന്ധ സ്ഥാപനമായ ‘ഏഷ്യ-രണ്ട് ടോപ്കോ 13’ വഴിയാണ് മുൻഗണനാടിസ്ഥാനത്തിലുള്ള വിൽപനയിലൂടെ ബ്ലാക്ക്സ്റ്റോണിന് ഫെഡറൽ ബാങ്ക് ഓഹരി വിൽക്കുന്നത്. പിന്നീട് ഓഹരിയാക്കാവുന്ന 272.97 ദശലക്ഷം വാറന്‍റുകളാണ് കൈമാറുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഒരു ഓഹരി 225 രൂപ പ്രീമിയം ചേർത്ത് 227 രൂപക്കാണ് നൽകുക. വാറന്‍റ് ഓഹരിയാക്കുമ്പോഴാണ് ബ്ലാക്ക്സ്റ്റോണിന് ഫെഡറൽ ബാങ്കിൽ 9.99 ശതമാനം ഓഹരിപങ്കാളിത്തം ലഭിക്കുക.

തുടർന്ന് ഒരു നോൺ-എക്സിക്യൂട്ടീവ് പ്രതിനിധിയെ ബാങ്ക് ഡയറക്ടർ ബോർഡിൽ ബ്ലാക്ക്സ്റ്റോണിന് ഉൾപ്പെടുത്താം. വാറന്‍റുകൾ 18 മാസത്തിനകം ഓഹരിയാക്കിയില്ലെങ്കിൽ കാലാവധി അവസാനിക്കുകയും പ്രാരംഭ നിക്ഷേപത്തുക ഫെഡറൽ ബാങ്കിന് ലഭിക്കുകയും ചെയ്യുമെന്നാണ് വ്യവസ്ഥ. വിദേശ സ്ഥാപനത്തിന് ഓഹരി വിൽക്കുന്ന മൂന്നാമത്തെ പ്രധാന ബാങ്കാവുകയാണ് ഫെഡറൽ ബാങ്ക്.

യെസ് ബാങ്കിന്‍റെ ഓഹരി ജപ്പാനിലെ എസ്.എം.ബി.സി വാങ്ങിയിരുന്നു. ആർ.ബി.എൽ ബാങ്കിന്‍റെ ഭൂരിഭാഗം ഓഹരി എമിറേറ്റ്സ് എൻ.ബി.ഡി സ്വന്തമാക്കുന്നതാണ് ഏറ്റവുമൊടുവിലുണ്ടായ നീക്കം. മുമ്പ് ലീമാൻ ബ്രദേഴ്സിൽ സേവനം അനുഷ്ഠിച്ചിരുന്ന പീറ്റർ പീറ്റേഴ്സൺ, സ്റ്റീഫൻ ഷ്വാസ്മാൻ എന്നിവർ ചേർന്ന് 1985ൽ ന്യൂയോർക്ക് ആസ്ഥാനമായി സ്ഥാപിച്ച ‘ലയന-ഏറ്റെടുക്കൽ’ സ്ഥാപനമാണ് ബ്ലാക്ക്സ്റ്റോൺ ഇൻകോർപറേറ്റഡ്. 

Tags:    
News Summary - US based Blackstone will buy 9.99 percent of Federal Banks shares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.