ജി.എസ്.ടിയിൽ മാറ്റങ്ങൾ വരുന്നു; അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാകും, പുതിയ നിരക്കുകളെത്തും

ന്യൂഡൽഹി: ജി.എസ്.ടി നിരക്കുകളിൽ കൗൺസിൽ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നിർത്തുന്ന സാഹചര്യത്തിൽ വരുമാനനഷ്ടം ചില സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയതും ജി.എസ്.ടി കൗൺസിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. നികുതിയിലെ അഞ്ച് ശതമാനം സ്ലാബിൽ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മൂന്ന് ശതമാനം നിരക്കിലേക്ക് ഉൾപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന് പു​റമേ അഞ്ച് ശതമാനത്തിൽ വരുന്ന ചില ഉൽപന്നങ്ങൾ എട്ട് ശതമാനമെന്ന സ്ലാബിലേക്കും ഉൾപ്പെടുത്തും. ഇതോടെ അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാവുകയും ചെയ്യും.

നിലവിൽ 5,12,18,28 എന്നീ നിരക്കുകളാണ് ജി.എസ്.ടിയിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം നികുതി സ്വർണത്തിനുമുണ്ട്. ചില ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുന്നുമില്ല. ഈ ഭക്ഷ്യവസ്തുക്കളിൽ ചിലതെങ്കിലും മൂന്ന് ശതമാനം നികുതി നിരക്കിലേക്ക് വരുമെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് ശതമാനം സ്ലാബ് ഏഴ്, എട്ട്, ഒമ്പത് എന്നീ നിരക്കുകളിൽ ഏ​തിലേക്ക് ഉയർത്തണമെന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതായി ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ജി.എസ്.ടി നിരക്കുകളിൽ ഒരു ശതമാനത്തിന്റെ വർധന വരുത്തിയാൽ 50,000 കോടി രൂപയുടെ അധിക വരുമാന വർധനയുണ്ടാവുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വർഷം ജൂണിൽ ജി.എസ്.ടി നഷ്ടപരിഹാരം നിർത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക. കോവിഡിൽ തകർന്ന സംസ്ഥാനങ്ങളുടെ സമ്പദ്‍വ്യവസ്ഥകളെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും. ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്ന് പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - GST Council Proposes An End To 5% Rate And Move It To 3% And 8% Tax Slab: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.