ന്യൂഡൽഹി: കോവിഡ് മൂലം തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ മോദി സർക്കാർ വീണ്ടും ഉത്തേജ പാക്കേജ് പ്രഖ്യാപിക്കുന്നു. ദീപാവലിയോട് അനുബന്ധിച്ച് പാക്കേജ് പ്രഖ്യാപനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. അടിസ്ഥാനസൗകര്യ വികസന മേഖലക്ക് ഊന്നൽ നൽകിയാവും നാലാം ഉത്തേജക പാക്കേജ്. നഗരപദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയവക്കൊക്കെ പാക്കേജിൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരങ്ങളിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി പ്രത്യേക പദ്ധതിയുണ്ടാവില്ല. പൊതുമേഖല കമ്പനികളിൽ മുതൽമുടക്കി തൊഴിലുകൾ സൃഷ്ടിക്കാനാവും സർക്കാർ ശ്രമം. ഇതിനായി പ്രത്യേക പദ്ധതി ആവശ്യമില്ലെന്ന് സാമ്പത്തിക വിദഗ്ധർ നരേന്ദ്രമോദി സർക്കാറിനെ ഉപദേശിച്ചിട്ടുണ്ട്.
ടയർ -1, ടയർ-4 നഗരങ്ങൾക്കാവും ഉത്തേജക പാക്കേജിലെ ഊന്നൽ. കേന്ദ്രസർക്കാറിെൻറ പൈപ്പ്ലെൻ പദ്ധതി, വിമാനത്താവളങ്ങളുടെ വികസനവും നിർമാണവും തുടങ്ങിയവക്കായെല്ലാം കൂടുതൽ പണം മുടക്കും. നവി മുംബൈയിലും ഗ്രേറ്റർ നോയിഡയിലും നിർമാണം ആരംഭിക്കുന്ന എയർപോർട്ടുകളിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാറിെൻറ പ്രതീക്ഷ.
ഇത് നാലാമത്തെ ഉത്തേജക പാക്കേജിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഗരീബ് കല്യൺ യോജനയെന്ന പേരിൽ മാർച്ച് അവസാനത്തോടെയായിരുന്നു ഒന്നാം പാക്കേജ്, ആത്മനിർഭർ ഭാരത് എന്ന പേരിൽ മെയ് മധ്യത്തിൽ രണ്ടാമത്തെ ഉത്തേജക പാക്കേജിനും രൂപം നൽകി. രാജ്യത്ത് ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു മൂന്നാം പാക്കേജ്. കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഉത്സവകാല ബോണസ്, അഡ്വാൻസ്, എൽ.ടി.സി പദ്ധതി എന്നിവ ഉൾപ്പെടുന്നതായിരുന്നു പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.