മുത്തിലൂടെ ബിസിനസിൽ മുത്തമിട്ട് കയ

വിനോദയാത്രക്കിടെ രാജസ്ഥാനിലൂടെ കറങ്ങുമ്പോള്‍ കൗതുകത്തിന് കുറച്ചു മുത്തും കല്ലും വാങ്ങിയതാണ് ശബ്‌നയും സജ്‌നയും. ആഘോഷവേളകളിൽ അണിയാന്‍ വ്യത്യസ്ത ആഭരണം വേണം എന്നേ അന്നവർ ആഗ്രഹിച്ചിരുന്നുള്ളൂ.

പക്ഷേ, മുത്തുകള്‍ കോര്‍ത്തിണക്കിയപ്പോള്‍ അത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവിലേക്കുള്ള നൂല്‍പാലം കൂടിയായിമാറി. കണ്ണഞ്ചിപ്പിക്കുന്ന വിവാഹാഭരണങ്ങള്‍ അടക്കം 'കയ' ബ്രാൻഡില്‍ വിപുലമായ ആഭരണ വ്യാപാര സംരംഭത്തിന്റെ അമരക്കാരാണ് കോഴിക്കോട് കണ്ണഞ്ചേരിയിലെ ഈ സഹോദരിമാരിപ്പോൾ.

ഒഴിവുസമയത്തായിരുന്നു ആഭരണനിർമാണം. വൈവിധ്യമാര്‍ന്ന ആഭരണങ്ങളെക്കുറിച്ച് കാണുന്നവരെല്ലാം അന്വേഷണമായതോടെ ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. അപ്രതീക്ഷിതമായിരുന്നു പ്രതികരണങ്ങള്‍. ആവശ്യക്കാരേറി.

ഇതോടെ ആഭരണനിര്‍മാണം ഒരു സൈഡ് ബിസിനസ് ആക്കിയാലോ എന്നായി ആലോചന. ശേഷം രാജസ്ഥാനില്‍നിന്ന് 10,000 രൂപക്ക് മുത്തുകളും കല്ലുകളും വാങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ ആഭരണനിര്‍മാണം തുടങ്ങി. കമ്പനിക്ക് 'കയ' എന്ന പേരിട്ടു.

കോഴിക്കോട് നഗരത്തില്‍ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ കൈകൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍ വിൽപനക്ക് വെച്ചാണ് വിപണി കണ്ടുപിടിച്ചത്. പ്രദര്‍ശനങ്ങളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയവര്‍ വീണ്ടും അന്വേഷിച്ചെത്തി. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെയും വിപണി കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു.

കോവിഡ് കാലത്ത് ആളുകള്‍ സമൂഹ മാധ്യമങ്ങളിൽ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങി. ഇതോടെ സൈഡ് ബിസിനസ് മുഴുവൻ സമയ ബിസിനസ് ആക്കേണ്ടിവന്നു. പത്രപ്രവര്‍ത്തകയായിരുന്ന ശബ്‌നയും സ്വകാര്യ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായ സജ്‌നയും മുഴുവന്‍ സമയവും കയക്കായിമാറ്റിവെച്ചു.

കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് ആഭരണനിര്‍മാണത്തിന് കുറച്ച് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി വ്യാപാരം വിപുലമാക്കി. ബ്രാൻഡഡ് ആഭരണങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക- സസ്റ്റയ്‌നബിള്‍ ഫാഷന്‍സ് എന്നതാണ് 'കയ'യുടെ ലക്ഷ്യം.

ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് കളയുന്നതിന് പകരം കൂടുതല്‍ ഈടുലഭിക്കുന്ന ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇപ്പോള്‍ രാജസ്ഥാനിലെ ഒരു കമ്പനിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ് 'കയ'. ഇവർ നൽകുന്ന മാതൃക അനുസരിച്ചുള്ള ആഭരണങ്ങള്‍ രാജസ്ഥാനില്‍നിന്ന് നിര്‍മിച്ച് കയക്ക് അയച്ചുകൊടുക്കും.

സെമി പ്രഷ്യസ്, നാചുറല്‍ സ്റ്റോണുകളാണ് ആഭരണങ്ങളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവര്‍ക്ക് ഒരുതരത്തിലുള്ള അലര്‍ജിയും ഉണ്ടാവില്ല. ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും കളര്‍ ഗാരന്റിയും ഉറപ്പുനല്‍കുന്നുണ്ട്.

18 കാരറ്റ് ഗോള്‍ഡ് പോളിഷ്ഡ് ഉല്‍പന്നങ്ങളാണ് പ്രീമിയം ജ്വല്ലറികളായി നല്‍കുന്നത്. 100 രൂപ മുതല്‍ 5000 രൂപ വരെയാണ് വില. നിരവധി താരങ്ങള്‍ക്കും അവതാരകര്‍ക്കും ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും കയ ആഭരണങ്ങള്‍ വില്‍ക്കുന്നുണ്ട്.

കൊല്ലം അഞ്ചലില്‍ കയയുടെ ഒരു ഫ്രാഞ്ചൈസി തുടങ്ങി. സംസ്ഥാനത്തിന് പുറത്തുനിന്നും ഗള്‍ഫ് നാടുകളില്‍നിന്നും ആഭരണങ്ങള്‍ക്ക് ഓർഡര്‍ ലഭിക്കുന്നുണ്ട്. ഇന്ന് എട്ട് പേര്‍ക്ക് സ്ഥിരം ജോലിയും അതിലേറെ പേര്‍ക്ക് പാര്‍ട്ട് ടൈം ജോലിയും നല്‍കാൻ ഈ സംരംഭകര്‍ക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും കൂടുതല്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങുന്നതിനുള്ള തയാറെടുപ്പിലാണിവർ. 

Tags:    
News Summary - business startup by kaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.