വാഷിങ്ടൺ: വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നതിനിടയിലും ചൈനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നതായി റിപ്പോർട്ട്. വിദേശ നിക്ഷേപകരുടെ താൽപര്യം ഉയർന്നതോടെ ചൈനയുടെ എ.ഐ കമ്പനി ഓഹരികളുടെ വില കുതിച്ചുയർന്നു. ചൈനയിലെ ടെക് കമ്പനികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും കോടിക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്. ചൈനയിലെ വെഞ്ച്വർ കാപിറ്റൽ കമ്പനികൾ വഴിയാണ് എ.ഐ ഓഹരികളിലേക്ക് യു.എസ് നിക്ഷേപം വരുന്നത്. മാത്രമല്ല, വർഷങ്ങളോളം ചൈനയിൽ നിക്ഷേപിക്കുന്നതിൽനിന്ന് മാറിനിന്ന യു.എസ് സർവകലാശാല എൻഡോവ്മെന്റുകളും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി മൂലധനം ചൈനയിലേക്ക് ഒഴുകുന്നത് തടയാൻ യു.എസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെയാണ് പുതിയ ട്രെൻഡ്.
ബുധനാഴ്ച പാസാക്കിയ വാർഷിക പ്രതിരോധ-ചെലവ് അംഗീകാര ബില്ലിൽ ചൈനീസ് ടെക് വ്യവസായങ്ങളിൽ യു.എസ് പൗരന്മാരുടെ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നുണ്ട്. കമ്യൂണിസ്റ്റ് ചൈനയുടെ ആധിപത്യം പ്രോത്സാഹിപ്പിക്കുന്ന നിക്ഷേപം അവസാനിപ്പിക്കണമെന്ന് ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക് ജോൺസൺ അഭിപ്രായപ്പെട്ടിരുന്നു.
വ്യാപാര യുദ്ധവും ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും കാരണം യു.എസിലെ സ്വകാര്യ കമ്പനികളുടെ ചൈനയിലെ നിക്ഷേപം വൻതോതിൽ കുറഞ്ഞിരുന്നു. എന്നാൽ, യു.എസ് എ.ഐ കമ്പനികളുമായി മത്സരിക്കാൻ കഴിയുമെന്ന് ഡീപ്സീപ് അടക്കമുള്ള ചൈനയുടെ കമ്പനികൾ തെളിയിച്ചതോടെ ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു. നിലവിൽ പൊതു വിപണിയിൽ വ്യാപാരം നടത്തുന്ന ചൈനീസ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിന് യു.എസ് പൗരന്മാർക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല. വരും ദിവസങ്ങളിലും ചൈനയുടെ ഓഹരി വിപണിയിലേക്ക് യു.എസ് നിക്ഷേപം ഒഴുകുമെന്ന് ജപ്പാനിലെ നിക്ഷേപ ബാങ്ക് നൊമുറയുടെ ചൈന ഇന്റർനെറ്റ് ഓഹരി ഗവേഷണ വിഭാഗം തലവൻ ജിയാലോങ് ഷി പറഞ്ഞു.
ഹോങ്കോങ്, ന്യൂയോർക്ക് വിപണികളിൽ വ്യാപാരം ചെയ്യപ്പെടുന്ന ചൈനയുടെ ടെക് ഭീമനായ ആലിബാബയുടെ ഓഹരി വില ഈ വർഷം 80 ശതമാനത്തിലേറെ ഉയർന്നു. എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 53 ബില്ല്യൻ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആലിബാബ പ്രഖ്യാപിച്ചിരുന്നു. ശക്തമായ എ.ഐ ചിപ്പുകൾ വികസിപ്പിക്കുന്നതിൽ യു.എസിനാണ് ആധിപത്യമെങ്കിലും ചൈനീസ് കമ്പനികളുടെ എ.ഐ ചിപ്പുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.