ആഗോള റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോംസ്; 1 കോടി അപേക്ഷകൾ ലഭിക്കുന്ന ആദ്യ ഐ.പി.ഒ
മുംബൈ: പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐ.പി.ഒ) ഒരു കോടിയിലധികം അപേക്ഷകൾ ലഭിക്കുന്ന ആദ്യ പൊതു ഓഹരി വിൽപ്പനയായി ആഗോള റെക്കോഡിട്ട് ജിയോ പ്ലാറ്റ്‌ഫോംസ് മാറി. നേരത്തെ വാരി എനർജീസ് നേടിയ ഏകദേശം 97 ലക്ഷം അപേക്ഷകളെന്ന റെക്കോർഡാണ് ജിയോ മറികടന്നത്. വെള്ളിയാഴ്ച ഓഹരി വിൽപ്പന അവസാനിക്കാനിരിക്കെ ജിയോ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഏകദേശം 90 ലക്ഷം അപേക്ഷകൾ നേടി റെക്കോർഡിട്ട മറ്റ് ഇന്ത്യൻ ഐ.പി.ഒകളാണ് ബജാജ് ഹൗസിങ് ഫിനാൻസും ബി.സി.സി.എല്ലും.
എല്ലാ നിക്ഷേപക വിഭാഗങ്ങളിലും ജിയോ ഐ.പി.ഒക്ക് ശക്തമായ ഡിമാൻഡ് ആണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ച വരെ 147.98 കോടി ഓഹരികൾക്കാണ് അപേക്ഷകൾ ലഭിച്ചത്. എന്നാൽ, വിൽപ്പനയ്ക്ക് വച്ചിരുന്നത് 19.75 കോടി ഓഹരികളായിരുന്നു. ഈ ഐ.പി.ഒ മൊത്തത്തിൽ 7.49 മടങ്ങ് അധികം ആളുകളാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ആകെ 83,74,80,948 ബിഡുകളാണ് എൻ.എസ്.ഇ എക്സ്ചേഞ്ചിൽ ലഭിച്ചു.
സ്ഥാപന നിക്ഷേപകർ (ക്യു.ഐ.ബി) തങ്ങൾക്ക് നീക്കിവെച്ച ഓഹരികൾ 16.06 മടങ്ങ് വാങ്ങി ഈ മുന്നേറ്റത്തിന് നേതൃത്വം നൽകി. സ്ഥാപനങ്ങളല്ലാത്ത മറ്റ് നിക്ഷേപകരുടെ (എൻ.ഐ.ഐ) വിഭാഗം 10.14 മടങ്ങും, സാധാരണ ചില്ലറ നിക്ഷേപകരുടെ (ആർ.ഐ.ഐ) വിഭാഗം 2.10 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇതോടെ ജിയോ പ്ലാറ്റ്‌ഫോംസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയി മാറാൻ ഒരുങ്ങുകയാണ്.
ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്നത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലായിരുന്നു. 2024ലെ ഹ്യുണ്ടായ് ഐ.പി.ഒയുടെ വലുപ്പം 27,870 കോടി രൂപയായിരുന്നു. 30,213 കോടി രൂപ സമാഹരിക്കാനാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഐ.പി.ഒ ലക്ഷ്യമിടുന്നത്. ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.