ലുലു ഗ്രൂപ്പിനെതിരെ സൈബർ തട്ടിപ്പ്; ഇറ്റാലിയൻ കമ്പനിയുടെ പേരിൽ തട്ടിയത് 1.64 കോടി
കൊച്ചി: ലുലു ഗ്രൂപ്പിനെതിരെ 1.64 കോടി രൂപയുടെ സൈബർ തട്ടിപ്പ്. ഇറ്റാലിയൻ കമ്പനിയുടെ പ്രതിനിധികളെന്ന് വ്യാജേന ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദീർഘകാല ബിസിനസ് പങ്കാളിയായ ഇറ്റാലിയൻ കമ്പനിയായ ഐ.ഇ പാർക്ക് എസ്.ആർ.എല്ലിന്റെ ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് വിശ്വസിച്ച് ലുലു ഗ്രൂപ്പ് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്.
ഈ വർഷം സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഐ.ഇ പാർക്ക് എസ്.ആർ.എല്ലിന്റേത് സമാനായ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് കമ്പനിയുടെ പ്രതിനിധികളാണെന്ന് നടിച്ച് ഗ്രൂപ്പ് വാങ്ങിയ ഗെയിമിങ് ഉപകരണങ്ങളുടെ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇൻവോയ്സുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയക്കുകയായിരുന്നു. ഇമെയിലുകൾ യഥാർഥമാണെന്ന് വിശ്വസിച്ച് ലുലു ഗ്രൂപ്പ് 1,50,500 യൂറോ, ഏകദേശം 1.64 കോടി രൂപ, സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തു.
തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞതിനെ പിന്നാലെ ലുലു ഗ്രൂപ്പിന്റെ ലീഗൽ മാനേജർ ദീപക് ശ്രീധർ നായർ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജ ഇലക്ട്രോണിക് ആശയവിനിമയങ്ങളും ആൾമാറാട്ടവും ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് സാമ്പത്തിക നഷ്ടം വരുത്തി നിയമവിരുദ്ധമായി പണം സമ്പാദിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.