ജിയോ ഐ.പി.ഒക്ക് വൻ പ്രതികരണം; ആദ്യ ദിനം 10 ലക്ഷത്തിലധികം അപേക്ഷകൾ
മുംബൈ: ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വിൽപനക്ക് (ഐ.പി.ഒ) നിക്ഷേപകരിൽനിന്ന് വൻ പ്രതികരണം. 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒ ബുധനാഴ്ച ആരംഭിച്ച് 100 മിനിറ്റിനുള്ളിൽ പൂർണ സബ്സ്ക്രിപ്ഷൻ നേടി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1.14 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു. വലിയ സ്ഥാപന നിക്ഷേപകരുടെ (ക്യു.ഐ.ബി) വിഭാഗത്തിൽ 3.68 മടങ്ങ് സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി. ആദ്യ ദിനം തന്നെ 10 ലക്ഷത്തിലധികം അപേക്ഷകളും ലഭിച്ചു.
ഒക്ടോബർ 23 വരെ ഐ.പി.ഒയിൽ നിക്ഷേപിക്കാം. ജിയോ ഐ.പി.ഒയോടുള്ള നിക്ഷേപകരുടെ താൽപര്യം ആങ്കർ നിക്ഷേപകർക്കായുള്ള ഓഹരി വിൽപനയിലും പ്രകടമായി. ഏകദേശം 8,110 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ആങ്കർ നിക്ഷേപകർക്കായി മാറ്റിവെച്ചത്. എന്നാൽ, 2.5 ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഇതോടെ ആങ്കർ വിഭാഗത്തിൽ 30 മടങ്ങിലധികം ഡിമാൻഡ് രേഖപ്പെടുത്തി. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യക്കാണ് ഏറ്റവും വലിയ ഓഹരി വിഹിതം ലഭിച്ചത്. ഏകദേശം 500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് എൽ.ഐ.സിക്ക് അനുവദിച്ചത്.
ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്നത് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലായിരുന്നു. 2024ലെ ഹ്യുണ്ടായ് ഐ.പി.ഒയുടെ വലുപ്പം 27,870 കോടി രൂപയായിരുന്നു. 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതിലൂടെ ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ ഇതിനെ മറികടന്നു. ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.