പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ 'ഗ്രീൻ എനർജി കോറിഡോർ-III' പദ്ധതിയുമായി കേന്ദ്ര സർക്കാർ
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വേഗത്തിലാക്കുന്നതിന് തടസമായി നിന്ന പ്രധാന പ്രശ്നത്തിന് പരിഹാരമായി കേന്ദ്ര സർക്കാർ ഗ്രീൻ എനർജി കോറിഡോർ-III പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. രാജ്യത്തുടനീളം ഹരിതോർജം എത്തിക്കുന്നതിനുള്ള ശൃംഖല നിർമിക്കുന്നതിന് സർക്കാറിന് പകരം സ്വകാര്യ മേഖലയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെൻഡർ നടപടികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നവീകരണ പദ്ധതികൾ മത്സരസ്വഭാവമുള്ള ടെൻഡറുകളിലൂടെ വികസിപ്പിക്കും. ഇത്തരം പദ്ധതികളുടെ നിർമാണം, ഉടമസ്ഥാവകാശം, പ്രവർത്തനം, പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം സ്വകാര്യ ട്രാന്സ്മിഷൻ സർവിസ് പ്രൊവൈഡർമാർക്കായിരിക്കും. നിലവിലുള്ള ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനോ നവീകരിക്കുന്നതിനോ ഉള്ള അനുബന്ധ ജോലികൾ കോസ്റ്റ്-പ്ലസ് അടിസ്ഥാനത്തിൽ നടപ്പിലാക്കും.
തരിഫ് അധിഷ്ഠിത മത്സര ലേല സമ്പ്രദായം വഴി പദ്ധതികൾക്കായി മത്സരിക്കാൻ നെറ്റ്വർക്ക് ദാതാക്കൾക്ക് അനുവാദമുണ്ടാകും. കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്യുന്ന ലേലക്കാരന് കരാർ ലഭിക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള ട്രാന്സ്മിഷൻ സിസ്റ്റം വികസിപ്പിക്കുന്നതിന് ഇത് പൊതുവായ രീതിയാണെങ്കിലും, സംസ്ഥാനങ്ങൾക്കുള്ളിലെ പ്രാദേശിക ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ തലത്തിലും ഇത് അനുവദിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. വൈദ്യുതി എന്നത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഇതിന്റെ വിതരണം പ്രധാനമായും സംസ്ഥാന സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്.
പ്രശ്നങ്ങൾ
പുനരുപയോഗ ഊർജ വിതരണം പ്രധാനമായും രണ്ട് പ്രശ്നങ്ങൾ നേരിടുന്നു. ഇടവിട്ടുള്ള ലഭ്യതയും വിതരണ തടസങ്ങളും. 24 മണിക്കൂറും പുനരുപയോഗ ഊർജ ലഭ്യതയില്ലാത്തതാണ് ഒന്നാമത്തെ പ്രശ്നം. സൗരോർജം ഇതിനൊരു നല്ല ഉദാഹരണമാണ്. ഇതിന്റെ ഉത്പാദനം ദിവസത്തിന്റെ സമയത്തെ ആശ്രയിച്ചിരിക്കുന്നു. പവർ സ്റ്റേഷനുകളിൽ നിന്ന് വിതരണ കമ്പനികളിലേക്കും അതിലൂടെ ഉപഭോക്താക്കളിലേക്കും വൈദ്യുതി എത്തിക്കാൻ ആവശ്യമായ ട്രാന്സ്മിഷൻ കോറിഡോറുകൾ (ഭൂപ്രദേശങ്ങൾ) ഇല്ലാത്തപ്പോഴാണ് വിതരണ തടസങ്ങൾ ഉണ്ടാകുന്നത്.
പുനരുപയോഗ ഊർജ സ്രോതസുകളാൽ സമ്പന്നമായ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭിച്ചുകഴിഞ്ഞാൽ, സംസ്ഥാനത്തിനുള്ളിലെ ട്രാന്സ്മിഷൻ നെറ്റ്വർക്ക് ശക്തിപ്പെടുത്തുകയും ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് GEC-III നിർദ്ദേശിക്കുന്ന പരിഹാരം. ഇത് ട്രാന്സ്മിഷൻ അടിസ്ഥാന സൗകര്യങ്ങളെ സംഭരണ ശേഷിയുമായി സംയോജിപ്പിക്കും. തൽഫലമായി, ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിലും രാത്രി സമയങ്ങളിലും പുനരുപയോഗ ഊർജം പ്രാദേശിക ഗ്രിഡുമായി ബന്ധിപ്പിച്ച് ലഭ്യമാക്കാൻ സാധിക്കും.
വൻ തുകയുടെ നിക്ഷേപം
54,082 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായം ഉൾപ്പെടെ 1.86 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക. 135 ഗിഗാവാട്ട് (Gw) പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നതിനും 50 ഗിഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS) സ്ഥാപിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
54,082 കോടി രൂപയുടെ കേന്ദ്ര സഹായത്തിൽ 45,005 കോടി രൂപയും (83 ശതമാനം) ട്രാന്സ്മിഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നു. ഫോസിൽ ഇതര ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഊർജോൽപ്പാദന ശേഷി നിലവിലുള്ള 300 ഗിഗാവാട്ടിൽ നിന്ന് 2030ഓടെ 500 ഗിഗാവാട്ടായും 2036ഓടെ 786 ഗിഗാവാട്ടായും ഉയർത്താനുള്ള ഇന്ത്യയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളും മറ്റ് വൻകിട ഉപഭോക്താക്കളും നിയമപരമായി പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കേണ്ടതുണ്ട്.
ഈ വികസന പദ്ധതി രണ്ട് പ്രധാന വെല്ലുവിളികൾ നേരിടുന്നുണ്ട്: പുനരുപയോഗ ഊർജ സ്രോതസ്സുകൾ ചില പ്രത്യേക സംസ്ഥാനങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു, എന്നാൽ വൈദ്യുതിയുടെ ആവശ്യകത രാജ്യത്തുടനീളമുണ്ട്. കൂടാതെ, സോളാർ, കാറ്റ് എന്നിവയിൽ നിന്നുള്ള ഉത്പാദനം കാലാവസ്ഥയെയും ദിവസത്തിന്റെ സമയത്തെയും ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. ഇതിനർഥം ഊർജോൽപ്പാദന ശേഷിക്കൊപ്പം സംഭരണ ശേഷിയും, ആവശ്യത്തിന് ട്രാന്സ്മിഷൻ സൗകര്യങ്ങളും, പുനരുപയോഗ ഊർജ പ്രവാഹത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്ന ഗ്രിഡുകളും ഉണ്ടായിരിക്കണം എന്നാണ്. വിജയികളാകുന്ന ലേലക്കാർക്ക് ട്രാന്സ്മിഷൻ പദ്ധതികൾ നൽകുന്നതോടെ കുറഞ്ഞ സോളാർ, വിൻഡ് ഊർജ ശേഷിയുള്ള സംസ്ഥാനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ലേലത്തിലെ വെല്ലുവിളികൾ
മത്സര ലേലത്തിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. അനുഭവസമ്പത്തില്ലാത്ത ചെറിയ കമ്പനികളുടെ ലേലംവിളികൾ പദ്ധതികൾ അപൂർണ്ണമായി ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നും, കരാർ നൽകിയ നിരക്കിൽ പ്രവർത്തിക്കാൻ ഡെവലപ്പർമാർക്ക് പ്രയാസമുണ്ടാകുമെന്നും വ്യവസായ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, കരാറിൽ തന്നെ ആവശ്യമായ മുൻകരുതലുകൾ നയരൂപകർത്താക്കൾ ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.