രൂപയുടെ മൂല്യത്തകർച്ച; ഗൾഫ് കറൻസികൾ ഉയർന്ന നിരക്കിൽ

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ചരിത്രത്തിലെ ഉയർന്ന നിലയിൽ. നാലു മാസത്തിനിടെ ഒരു രൂപയോളമാണ് യു.എ.ഇ ദിർഹത്തിന് വർധിച്ചത്. ഏപ്രിലിൽ ഒരു ദിർഹത്തിന് 20.50 രൂപ ലഭിച്ചിരുന്നത് കഴിഞ്ഞ ദിവസം 21.51 രൂപയായി. ഗൾഫിലെ മറ്റു കറൻസികൾക്കും സമാനമായ രീതിയിൽ നിരക്ക് കുത്തനെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി റിയാലിന് 21.05, ഖത്തർ റിയാൽ-21.70, ഒമാനി റിയാൽ- 205.21, കുവൈത്ത് ദീനാർ-257.45, ബഹ്റൈൻ ദീനാർ- 209.59 എന്നിങ്ങനെയാണ് നിരക്ക്. എല്ലാ കറൻസികളുടെയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

വിനിമയ നിരക്ക് ലഭ്യമായതോടെ ഗൾഫ് മേഖലയിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്. നിലവിൽ മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വലിയ രീതിയിൽ വർധിച്ചിട്ടില്ല. എന്നാൽ, ശമ്പളം ലഭിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ പണമയക്കുന്നവരുടെ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബലിപെരുന്നാളിന് മുമ്പായി മികച്ച നിരക്ക് ലഭിച്ചതിൽ പ്രവാസികൾ ആഹ്ലാദത്തിലാണ്.

അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതും ഉയരുന്ന എണ്ണവിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. ഇന്ത്യൻ ഓഹരി വിപണിയിൽ വിറ്റഴിക്കൽ പ്രവണത തുടരുന്നത് ഇതിന് ആക്കം കൂട്ടി. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം വിനിമയ നിരക്കിൽ വലിയ കുറവ് ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല.

Tags:    
News Summary - Rupee depreciates; Gulf currencies at high rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.