10 ലക്ഷത്തിലേക്ക്; ഇന്ത്യൻ നിർമിത കാർ കയറ്റുമതി കുതിച്ചുയരുന്നു

മുംബൈ: ഇന്ത്യ നിർമിത വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ പ്രി​യമേറുന്നു. ഇന്ത്യയിൽനിന്നുള്ള വാഹന കയറ്റുമതി സർവകാല റെക്കോഡിലേക്ക് കുതിക്കുന്നതായാണ് റിപ്പോർട്ട്. വിദേശ കാർ നിർമാതാക്കളാണ് ഇന്ത്യയിൽനിന്ന് കാർ കയറ്റുമതി ചെയ്ത് വൻ വരുമാനം നേടുന്നത്. ചെലവ് വളരെ കുറവാണെന്നതാണ് ഇന്ത്യയെ കയറ്റുമതി ഹബാക്കാൻ ജപ്പാന്റെ മാരുതി സുസുകി, ദക്ഷിണ കൊറിയയുടെ കിയ, ജർമൻ കമ്പനിയായ ഫോക്സ്‍വാഗൺ-സ്കോഡ തുടങ്ങിയ കമ്പനികളെ പ്രേരിപ്പിച്ചത്. ​വിപണി കണ്ടെത്താനാകാതെ യു.എസ് കമ്പനികളായ ഫോർഡ് മോട്ടോർസും ജനറൽ മോട്ടോർസും ഇന്ത്യ വിട്ടതിന് പിന്നാലെയാണ് മറ്റു കമ്പനികളുടെ കയറ്റുമതി ഉയർന്നത്.

കഴിഞ്ഞ വർഷം 743,326 വാഹനങ്ങളാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. എന്നാൽ, ഈ വർഷം നവംബറോടെ കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 790,667 കടന്നു. ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന ഡിസംബറിലെ കണക്കുകൂടി പുറത്തുവരുന്നതോടെ പുതിയ റെക്കോഡ് തൊടുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. പത്ത് ലക്ഷം കാർ കയറ്റുമതി എന്ന നേട്ടം ഈ വർഷം സ്വന്തമാക്കാൻ കഴിയുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

2020 ലെ കയറ്റമതിയിൽനിന്ന് ഇരട്ടിയിലേറെ വർധനവാണുണ്ടായത്. 428,098 വാഹനങ്ങളാണ് 2020ൽ ഇന്ത്യ വിദേശ വിപണിയിൽ വിൽപന നടത്തിയത്. കോവിഡ് മഹാമാരിക്ക് പിന്നാലെ ഫാക്ടറികൾ അടച്ചുപൂട്ടിയത് കയറ്റുമതിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനു മുമ്പ് 2017ലാണ് ഏറ്റവും അധികം കാറുകൾ കയറ്റുമതി ചെയ്തത്. 738,894 യൂനിറ്റുകൾ കടൽ കടന്നു. അന്ന് കയറ്റുമതിയുടെ ആഗോള കേന്ദ്രമായി ഫോർഡും ജനറൽ മോട്ടോർസും ഇന്ത്യയെ മാറ്റുകയായിരുന്നു. ഫോർഡ് ചെന്നൈ, സനന്ദ് പ്ലാന്റുകളിലും ജനറൽ മോട്ടോർസ് മഹാരാഷ്ട്രയിലെ ​തലിഗാവിലുള്ള പ്ലാന്റിലുമാണ് വാഹനങ്ങൾ നിർമിച്ചിരുന്നത്. ആഭ്യന്തര വിപണി ശക്തമാകുകയും ലാറ്റിൻ അമേരിക്ക, ആ​ഫ്രിക്ക മേഖലയുടെ ഡിമാൻഡ് ഇടിയുകയും ചെയ്ത​ 2018, 2019 വർഷങ്ങളിൽ കയറ്റുമതി കനത്ത ഇടിവ് നേരിട്ടു.

പക്ഷെ, ഫോർഡും ജനറൽ മോ​​ട്ടോർസും രാജ്യം വിട്ടത് മാരുതി സുസുകി, കിയ, സ്കോഡ-ഫോക്സ്‍വാഗൺ തുടങ്ങി കമ്പനികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകിയെന്ന് വിദഗ്ധർ പറയുന്നു. മാരുതി സുസുകിയാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്ത കമ്പനി. 332,585 ലക്ഷം കാറുകൾ 2025 സാമ്പത്തിക വർഷം വിദേശ വിപണിയിൽ വിൽപന നടത്തിയെന്നാണ് കണക്ക്. ഇന്ത്യൻ വിപണിക്ക് ഇഷ്ടമായില്ലെങ്കിലും മാരുതി സുസുകിയുടെ ജിംനി 100 ലേറെ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിർമാണം തുടങ്ങിയ ശേഷം ഒരു ലക്ഷം യൂനിറ്റുകളാണ് മാരുതി വിദേശ വിപണിയിൽ വിറ്റത്. 

Tags:    
News Summary - record demand for made in india cars abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.