ടാറ്റാ സൺസിന് തിരിച്ചടി: പ്രൈവറ്റ് മേഖലയിൽ തുടരാനുള്ള അപേക്ഷ ആർ.ബി.ഐ തള്ളി; പബ്ലിക് ലിസ്റ്റിങ് നിർബന്ധം
ടാറ്റ സൺസിനെ പബ്ലിക് ലിസ്റ്റഡ് കമ്പനിയാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിരസിച്ചു. ഇതോടെ കമ്പനിയുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യൽ ടാറ്റ ഗ്രൂപ്പിന് അനിവാര്യമായിരിക്കുകയാണ്.
നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി രജിസ്ട്രേഷൻ റദ്ദാക്കാനായി ടാറ്റ സൺസ് 2024 മാർച്ചിൽ നൽകിയ അപേക്ഷയാണ് ആർ.ബി.ഐ തള്ളിയത്. പുതിയ തീരുമാനത്തോടെ ടാറ്റ സൺസ് അപ്പർ ലെയർ എൻ.ബി.എഫ്.സി വിഭാഗത്തിൽ തന്നെ തുടരും. ഈ വിഭാഗത്തിലുള്ള കമ്പനികൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റിങ് നിർബന്ധമാണ്.
2026 ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ആർ.ബി.ഐ ചട്ടപ്രകാരം 1 ലക്ഷം കോടി രൂപയോ അതിനുമുകളിലോ ആസ്തിയുള്ള എൻ.ബി.എഫ്.സികൾ സ്വമേഥയാ ഈ വിഭാഗത്തിൽ വരും. 2026 മാർച്ചിലെ കണക്കനുസരിച്ച് ടാറ്റ സൺസിന്‍റെ ആസ്തി 2 ലക്ഷം കോടി രൂപയിലധികമാണ്.
2021ൽ ആർ.ബി.ഐ എൻ.ബി.എഫ്.സികൾക്കായി പുതിയ റെഗുലേറ്ററി ഫ്രെയിംവർക്ക് കൊണ്ടുവന്നിരുന്നു. 2022 സെപ്റ്റംബറിലാണ് ടാറ്റ സൺസിനെ അപ്പർ ലെയറിൽ ഉൾപ്പെടുത്തിയത്. ഇതിലൂടെ മൂന്ന് വർഷത്തിനകം ലിസ്റ്റിങ് നടത്തണമെന്ന നിബന്ധനയും വന്നു. ഇത് ഒഴിവാക്കുന്നതിനായി 2024ൽ ടാറ്റ സൺസ് 21,000 കോടി രൂപയുടെ കടബാധ്യതകൾ തീർക്കുകയും രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനിയായി തുടരാനുള്ള ടാറ്റയുടെ ഈ ശ്രമങ്ങൾക്കാണ് പുതിയ ആർ.ബി.ഐ വിധിയിലൂടെ തിരിച്ചടിയേറ്റത്.
ഓഹരിയുടമകൾക്കിടയിലെ ഭിന്നത
ടാറ്റ സൺസിന്‍റെ 65 ശതമാനത്തിലധികം ഓഹരികൾ കൈയാളുന്ന നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റിന് പബ്ലിക് ലിസ്റ്റിങ് ചെയ്യുന്നതിനോട് താല്പര്യമില്ല. ഇത് കമ്പനിയുടെ ദീർഘകാല ഘടനയെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് അവരുടെ വാദം.
എന്നാൽ 18 ശതമാനം ഓഹരിയുള്ള ഷാപൂർജി പല്ലോൺജി (Shapoorji Pallonji) ഗ്രൂപ്പ് ലിസ്റ്റിങ്ങിനായി ഏറെ നാളായി വാദിക്കുന്നവരാണ്. ഓഹരികളുടെ മൂല്യം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. ആർ.ബി.ഐയുടെ പുതിയ തീരുമാനം അവർക്ക് വലിയൊരു നേട്ടമാണ്.
ഐ.ടി, വാഹന നിർമാണം, സ്റ്റീൽ, വ്യോമയാനം തുടങ്ങി ഒട്ടേറെ മേഖലകളിൽ നിക്ഷേപമുള്ള ടാറ്റാ ഗ്രൂപ്പിന്‍റ പ്രധാന ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ്. ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവയിൽ കൂടുതൽ സുതാര്യത കൊണ്ടുവരേണ്ടി വരും.
2027 ഫെബ്രുവരിയിൽ നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയാനിരിക്കെയാണ് ഈ നിർണായക തീരുമാനം. എങ്കിലും പബ്ലിക് ഇഷ്യൂവിന്‍റെ തിയതിയോ ഘടനയോ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ലിസ്റ്റിങ് നിബന്ധനകൾ കമ്പനി എങ്ങനെ പാലിക്കും എന്നതിലാണ് ഇനി എല്ലാവരുടെയും ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.