ബഹിഷ്‍കരണാഹ്വാനം തിരിച്ചടിച്ചു; പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതെ മക്ഡോണൾഡ്സ്

വാഷിങ്ടൺ: ഇസ്രായേൽ അനുകൂല നിലപാടിനെ തുടർന്ന് ബഹിഷ്‍കരണ ആഹ്വാനം ശക്തമായ സാഹചര്യത്തിൽ വിൽപനയിൽ തിരിച്ചടി നേരിട്ട് മക്ഡോണാൾഡ്സ്. നാല് വർഷത്തിനിടെ ഇതാദ്യമായി വിൽപനയിൽ പ്രതീക്ഷിത നേട്ടമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. മിഡിൽ ഈസ്റ്റ്, ചൈന, ഇന്ത്യ വിപണികളിലെ വിൽപനയിലെ ഇടിവാണ് മക്ഡോണാൾഡ്സിന് തിരിച്ചടിയായത്.

വിൽപനയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ പോയതോടെ കമ്പനിയുടെ ഓഹരിവില നാല് ശതമാനം ഇടിഞ്ഞിരുന്നു. ബഹിഷ്‍കരണ കാമ്പയിനുകൾ മക്ഡോണാൾഡ്സിന്റെ വിൽപനയെ ബാധിച്ചുവെന്ന് സി.ഇ.ഒ ക്രിസ് കെംപ്സിൻസ്കിയും സമ്മതിച്ചു. ഇന്തോനേഷ്യ, മലേഷ്യ പോലുള്ള വിപണികളിലും കമ്പനിക്ക് തിരിച്ചടിയേറ്റുവെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം തുടരുകയാണെങ്കിൽ തിരിച്ചടിയുണ്ടായ മാർക്കറ്റുകളിൽ വിൽപനയിൽ ഉയരാനുള്ള സാധ്യതകൾ വിരളമാണെന്നും സി.ഇ.ഒ വിലയിരുത്തി. അതേസമയം, യു.എസ് മാർക്കറ്റിൽ മക്ഡോണാൾഡ്സിന്റെ വിൽപന 4.3 ശതമാനം ഉയർന്നു. വിൽപനയിൽ 4.5 ശതമാനം നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഓഹരിയൊന്നിന് 2.95 ഡോളർ ലാഭവിഹിതമായി നൽകുമെന്നും മക്ഡോണാൾഡ് അറിയിച്ചു.

നേരത്തെ ഇസ്രായേൽ സൈനികർക്ക് ഭക്ഷണപൊതികൾ സൗജന്യമായി നൽകിയെന്ന മക്ഡോണാൾഡ്സിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ബഹിഷ്‍കരണാഹ്വാനം ​ശക്തമായത്. മക്ഡോണാൾഡ്സ് മാത്രമല്ല സ്റ്റാർബക്സ്, കൊക്കക്കോള തുടങ്ങിയ കമ്പനികൾക്കെതിരെയും ബഹിഷ്‍കരണാഹ്വാനം ഉയർന്നിരുന്നു.

Tags:    
News Summary - McDonald's posts rare sales miss as Middle East hit weakens overseas business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.