വായ്പ തട്ടിപ്പ്: ഡി.എച്ച്.എഫ്.എല്ലിന് എതിരെ സി.ബി.ഐ പുതിയ കേസെടുത്തു

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രമുഖ ഭവന വായ്പ ധനകാര്യ സ്ഥാപനമായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) ചീഫ് മാനേജിങ് ഡയറക്ടർ (സി.എം.ഡി) കപിൽ വാദവൻ, ഡയറക്ടർ ദീരജ് വാദവൻ എന്നിവർക്കെതിരെ സി.ബി.ഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ പ്രതികളുടെ മുംബൈയിലെ 12 കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

അമരില്ലിസ് റിയൽറ്റേഴ്സിലെ സുധാകർ ഷെട്ടിയുടെയും മറ്റ് എട്ട് നിർമാതാക്കളുടെ ഓഫിസുകളും ഇതിൽ ഉൾപ്പെടും. സി.ബി.ഐയുടെ 50 പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് ഈ മാസം 20ന് വിവിധ ഇടങ്ങളിൽ സംയുക്തമായി പരിശോധന നടത്തിയത്. 2010നും 18നും ഇടയിൽ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 42,871 കോടി രൂപയുടെ വായ്പ നേടിയ ഡി.എച്ച്.എഫ്.എൽ 2019 മേയ് മുതൽ തിരിച്ചടവ് മുടക്കിയെന്നാണ് പരാതി.

17 ബാങ്കുകൾ ഉൾപ്പെട്ട കൺസോർട്യത്തിന് നേതൃത്വം നൽകുന്ന യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ (യു.ബി.ഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെടുത്തത്. കമ്പനി അതീവ രഹസ്യമായി നടത്തിയ തട്ടിപ്പ് മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. തുടർന്ന് പ്രമുഖ അക്കൗണ്ടിങ് ഏജൻസിയായ കെ.പി.എം.ജിയെ ഓഡിറ്റിനായി നിയമിച്ചു.

കെ.പി.എം.ജി നടത്തിയ അന്വേഷണത്തിൽ ഡി.എച്ച്‌.എഫ്‌.എൽ പ്രൊമോട്ടർമാരുമായി സാമ്യമുള്ള 66 സ്ഥാപനങ്ങൾക്ക് 29,100.33 കോടി രൂപ വിതരണം ചെയ്തതായും ഇതിൽ 34,614 കോടി രൂപ കുടിശ്ശികയായി അവശേഷിക്കുന്നുവെന്നും കണ്ടെത്തി. തുടർന്ന് കമ്പനി അക്കൗണ്ടുകൾ നിഷ്കക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. സ്ഥാപനത്തിന്റെ ഉടമകളായ കപിൽ വാദവനും ദീരജ് വാദവനും എതിരെ ലുക്ക് ഔട്ട് നോട്ടീസും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയെ സമീപിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.