പ്രതീകാത്മക ചിത്രം

സെബി നിയമം ഇല്ലാതാകുന്നു; ഓഹരി വിപണിയെ ഇനി നിയന്ത്രിക്കുക സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ്

1992ലെ സെബി നിയമം, 1996ലെ ഡെപ്പോസിറ്ററീസ് നിയമം,1956ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) നിയമം എന്നിവ ലയിപ്പിച്ച് ഒറ്റ നിയമമാക്കാനുള്ള നടപടിക്രമങ്ങൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. പുതുതായി രൂപം നൽകുന്ന സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് 2025 ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചു. കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ ഒഴിവാക്കി വിപണി നിയമങ്ങളെ ലളിതമാക്കിയിട്ടുണ്ട്.

അനാവശ്യമായ സങ്കീർണതകള്‍ ഒഴിവാക്കി ഇന്ത്യന്‍ ഓഹരി വിപണിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. സെബി ബോര്‍ഡ് അംഗങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവര്‍ക്ക് നേരിട്ടോ അല്ലാതെയോ ഉള്ള താൽപര്യങ്ങള്‍ ഉണ്ടെങ്കില്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കി. ബിൽ കൂടുതൽ പഠനത്തിനായി പാർലമെന്റ് സ്ഥിരം സമിതിക്ക് വിടും. പുതിയ ബിൽ അനുസരിച്ച് ചെറിയ സാങ്കേതിക പിഴവുകളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി സിവില്‍ പിഴകളുടെ പരിധിയിലാക്കും.

നിയമവിരുദ്ധമായി നേടിയ ലാഭത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ നിർണയിക്കുക. അതേസമയം, വിപണിയിലെ ഗുരുതരമായ ക്രമക്കേടുകൾക്കും കൃത്രിമങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും കടുത്ത ശിക്ഷാനടപടി ലഭിക്കും. അന്വേഷണങ്ങള്‍ക്കും ഇടക്കാല ഉത്തരവുകള്‍ക്കും കൃത്യമായ സമയപരിധി നിശ്ചയിക്കുന്നതിലൂടെ നിയമനടപടികള്‍ കൂടുതല്‍ വേഗത്തിലാകും. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും. നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കാന്‍ ‘ഓംബുഡ്‌സ്മാന്‍’ സംവിധാനം വരും. വ്യത്യസ്ത നിയന്ത്രണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും ബില്ല് ഉറപ്പാക്കുന്നുണ്ട്.

Tags:    
News Summary - SEBI Act to be repealed; Securities Markets Code to govern stock market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.