നൊസ്റ്റാൾജിയ സൂപ്പർ ഹിറ്റ്; തിയറ്ററുകൾക്ക് ബംബർ വരുമാനം സമ്മാനിച്ച് പഴയ സിനിമകൾ

മുംബൈ: നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ജനപ്രിയമായത് തിയറ്ററുകൾക്ക് കനത്ത തിരിച്ചടിയാണ്. സിനിമ കാണാൻ തിയറ്ററുകളിൽ വരുന്നവരുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, പ്രതിസന്ധികളെ അതിജീവിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് തിയറ്ററുകൾ. ഒരു കാലത്ത് ആരാധക ഹൃദയം കീഴടക്കിയ സിനിമകൾ വീണ്ടും പ്രദർശിപ്പിക്കാൻ തുടങ്ങിയതാണ് തിയറ്ററുകൾക്ക് പുതുജീവൻ നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീണ്ടും റിലീസ് ചെയ്ത പഴയ സിനിമകളുടെ എണ്ണം കുതിച്ചുയർന്നു. പഴയ സിനിമകൾക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നതിനാൽ പുനപ്രദർശനങ്ങൾക്ക് വേണ്ടി മാത്രമായി പുതിയ ഡിപാർട്ട്മെന്റ് തന്നെ തുടങ്ങാനുള്ള പദ്ധതിയിലാണ് പി.വി.ആർ ഐനോക്സ്, സിനിപോളിസ് തുടങ്ങിയ രാജ്യത്തെ മുൻനിര മൾട്ടിപ്ലക്സ് കമ്പനികൾ.

ഈ വർഷം 200 ലേറെ പഴയ സിനിമകളാണ് പി.വി.ആർ ​ഐനോക്സ് വീണ്ടും റിലീസ് ചെയ്തത്. കമ്പനിയുടെ മൊത്തം വരുമാനത്തിൽ നാല് ശതമാനം പഴയ സിനിമകളുടെ റീറിലീസിങ്ങിൽനിന്നാണെന്ന് പി.വി.ആർ ​ഐനോക്സിന്റെ മുതിന്ന സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജലി പറഞ്ഞു. കഴിഞ്ഞ വർഷം 150 സിനിമകളാണ് പുനപ്രദർശിപ്പിച്ചിരുന്നത്. അടുത്ത വർഷം കൂടുതൽ പഴയ ചലച്ചിത്രങ്ങൾ തിയറ്ററുകളിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ഒരു വർഷത്തിനിടെ സിനിപോളിസിന്റെ പഴയ സിനിമകളുടെ പ്രദർശനത്തിൽ വൻ വർധനയാണുണ്ടായത്. 40 സിനിമകൾ സിനിപോളിസ് ഈ വർഷം വീണ്ടും തിയറ്ററുകളിലെത്തിച്ചു. അടുത്ത വർഷം റിലീസ് ചെയ്യാൻ പഴയ സിനിമകളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. പഴയ സിനിമകൾ കാരണം തിയറ്ററുകളിൽ വരുന്നവരുടെ എണ്ണം കൂടിയതിനൊപ്പം സ്ക്രീനിങ് വരുമാനവും വർധിച്ചതായി സിനിപോളിസിന്റെ എം.ഡി ദേവാങ്ക് സമ്പത് പറഞ്ഞു. പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിൽ എത്തിക്കാനുള്ള തന്ത്രം വിജയിച്ചതോടെ കൂടുതൽ സൂപ്പർ ഹിറ്റ് സിനികൾ വീണ്ടും റിലീസ് ചെയ്യാൻ പ്രമുഖ സ്റ്റുഡിയോകളുമായി ചർച്ച നടത്തുന്നുണ്ടെന്നും സമ്പത് വ്യക്തമാക്കി. ആരാധകരെ വർഷങ്ങളോളം കോരിത്തരിപ്പിച്ച ഷോ​ലെയ് സിനിമ എത്രയും വേഗം റീറിലീസ് ചെയ്യാനാണ് സിനി​പോളിസിന്റെ അടുത്ത പദ്ധതി. മാത്രമല്ല, 30 ഓളം പഴയ സിനിമകൾ പുനർ പ്രദർശനത്തിന് തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ 3.5 ശതമാനം വരുമാനമാണ് പഴയ സിനിമകളിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓർമാക്സ് മീഡിയ തയാറാക്കിയ ഇന്ത്യ ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം തിയറ്ററുകളുടെ വരുമാനം കുറയുകയാണ്. രാജ്യത്തെ തിയറ്ററുകൾ 12,226 കോടി രൂപയുടെ വരുമാനമാണ് 2023ൽ നേടിയത്. എന്നാൽ, കഴിഞ്ഞ വർഷം വരുമാനം 11,833 കോടി രൂപയായി കുറഞ്ഞു. ഹിന്ദി സിനിമ പ്രദർശനത്തിൽനിന്നുള്ള വരുമാനം 5380 കോടി രൂപയിൽനിന്ന് 4679​ കോടി രൂപയായി കുറഞ്ഞു. വരുമാനം കുത്തനെ കുറയുന്ന ഘട്ടത്തിലാണ് വെള്ളിത്തിരയുടെ രക്ഷയായി പഴയ സൂപ്പർ ഹിറ്റുകൾ എത്തിയത്. സിനിപോളിസിന്റെ പുനർ റിലീസിങ്ങിൽ ഏറ്റവും വിജയമായ സനം തേരി കസം സിനിമ മൂന്ന് ലക്ഷം പേരാണ് കാണാനെത്തിയത്. റോക്സ്റ്റാർ അടക്കം നിരവധി സിനിമകൾ വീണ്ടും റിലീസ് ചെയ്തത പി.വി.ആർ ഐനോക്സ് ​ലക്ഷങ്ങളുടെ അധിക വരുമാനം ​നേടി.

നൊസ്റ്റാൾജിയക്കപ്പുറം സ്ഥിരമായി തിയറ്ററിൽ പോകുന്നവർക്ക് കാണാൻ പുതിയ സിനിമകളില്ല എന്നതാണ് പുനർ റിലീസിങ് കൂടുതൽ വിജയകരമാക്കുന്നതെന്ന് എച്ച്.ബി.ഒ, വാർൺർ ബ്രോസ് തുടങ്ങിയ കമ്പനികൾക്ക് വേണ്ടി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്ന ദിസ്മാൾബിഗ്ഐഡിയ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഹരികൃഷ്ണൻ പിള്ള അഭിപ്രായപ്പെട്ടു.

Tags:    
News Summary - Multiplex compaines get new life by rereleasing old superhits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.