കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് കമ്പനികൾക്ക് 11 ലക്ഷം കോടി രൂപയുടെ മൂല്യം നഷ്ടമായെങ്കിലും, രാജ്യത്തെ മുൻനിര കമ്പനികളുടെ ആകെ മൂല്യത്തിന്റെ നാലിലൊന്നിലധികം ഇപ്പോഴും ഇവരുടെ പക്കലാണെന്ന് ഏറ്റവും പുതിയ 'ആക്സിസ് ബാങ്ക് - ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500' റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ ഇപ്പോഴത്തെ ആകെ മൂല്യം 86 ലക്ഷം കോടി രൂപയാണ് (908 ബില്യൺ ഡോളർ). തൊട്ടുമുമ്പത്തെ വർഷം ഇത് 97 ലക്ഷം കോടി രൂപയായിരുന്നു. മൂല്യത്തിൽ ഇടിവുണ്ടായെങ്കിലും, പട്ടികയിലുള്ള 500 കമ്പനികളുടെ ആകെ മൂല്യത്തിന്റെ 27 ശതമാനവും ഈ 10 കമ്പനികളുടെ പക്കലാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ (10 വർഷം) ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള മികച്ച പത്ത് കമ്പനികളുടെ ആകെ മൂല്യം 3.5 മടങ്ങ് വർധിച്ചു. ശ്രദ്ധേയമായ മറ്റൊരു കാര്യം, കഴിഞ്ഞ അഞ്ച് വർഷമായി ഈ മികച്ച 10 കമ്പനികളിൽ ഏഴെണ്ണം തങ്ങളുടെ സ്ഥാനം നിലനിർത്തിയിട്ടുണ്ട് എന്നതാണ്.
കഴിഞ്ഞ വർഷം ശതമാനക്കണക്കിൽ ഏറ്റവും ഉയർന്ന മൂല്യം സൃഷ്ടിച്ച കമ്പനി 5.8 ലക്ഷം കോടി രൂപ മൂല്യമുള്ള ബജാജ് ഫിനാൻസ് ആണ്. അതേസമയം അബ്സല്യൂട്ട് ടേമിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മൂല്യം കൂട്ടിച്ചേർത്തത് റിലയൻസ് ഇൻഡസ്ട്രീസ് ആണ്; ഈ വർഷം മാത്രം 1.8 ലക്ഷം കോടിയിലധികം രൂപയാണ് കമ്പനി കൂട്ടിച്ചേർത്തത്. 19.36 ലക്ഷം കോടി രൂപയുടെ മൂല്യവുമായി റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഈ കോർപ്പറേറ്റ് ഭീമൻ ഈ വർഷം 1.8 ലക്ഷം കോടിയിലധികം രൂപയുടെ മൂല്യവർധനയാണ് നേടിയത്. ഈ പട്ടികയിലെ മറ്റേതൊരു കമ്പനിയേക്കാളും ഉയർന്ന മൂല്യവർധനയാണിത്. മികച്ച 10 കമ്പനികളുടെ ആകെ മൂല്യത്തിന്റെ അഞ്ചിലൊന്നും റിലയൻസ് ഒറ്റക്കാാണ് കൈയാളുന്നത്.
പട്ടികയിലെ ഏറ്റവും വലിയ നേട്ടക്കാരിലൊന്നായി മാറിയ ഭാരതി എയർടെൽ, 11.5 ലക്ഷം കോടി രൂപയുടെ മൂല്യവുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുള്ള നിക്ഷേപകരുടെ ശുഭപ്രതീക്ഷ അടിവരയിട്ടുകൊണ്ട് ഈ ടെലികോം ഭീമന്റെ മൂല്യം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 198 ശതമാനമാണ് കുതിച്ചുയർന്നത്. കടുത്ത മത്സരവും നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും കാരണം വലിയ നിക്ഷേപം ആവശ്യമായിരുന്ന, പ്രതിസന്ധി നിറഞ്ഞ ഒരു മേഖലയായി ടെലികോമിനെ കണ്ടിരുന്ന പത്ത് വർഷം മുമ്പത്തെ അവസ്ഥയിൽ നിന്നുള്ള നാടകീയമായ ഒരു മാറ്റമാണ് എയർടെല്ലിന്റെ ഈ കുതിപ്പ് കാണിക്കുന്നത്. ഇന്ന് നിക്ഷേപകർ ടെലികോം ശൃംഖലകളെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നിർണായക അടിത്തറയായാണ് കാണുന്നത്.
എയർടെല്ലിന്റെ ഈ മുന്നേറ്റം പരമ്പരാഗത കോർപ്പറേറ്റ് വമ്പന്മാരെ റാങ്കിങ്ങിൽ താഴേക്ക് തള്ളുകയും, ആഭ്യന്തര ഉപഭോഗവുമായും ഡിജിറ്റൽ കണക്റ്റിവിറ്റിയുമായും ബന്ധപ്പെട്ടിരിക്കുന്ന മേഖലകളുടെ വളരുന്ന പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾക്കിടയിൽ ധനകാര്യ സേവന കമ്പനികൾ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കി. ഈ വർഷം മൂല്യത്തിൽ 17 ശതമാനം ഇടിവുണ്ടായിട്ടും എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ, ഐ.സി.ഐസി.ഐ ബാങ്ക് 9 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
ബജാജ് ഫിനാൻസ് ആദ്യമായി മികച്ച 10 കമ്പനികളുടെ പട്ടികയിൽ ഇടംപിടിക്കുകയും കഴിഞ്ഞ വർഷം ശതമാനക്കണക്കിൽ ഏറ്റവും ഉയർന്ന മൂല്യം സൃഷ്ടിച്ച കമ്പനിയായി മാറുകയും ചെയ്തു. കമ്പനിയുടെ മൂല്യം 37 ശതമാനം വർധിച്ച് 5.83 ലക്ഷം കോടി രൂപയിലെത്തിയതോടെ അവർ ആറാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ത്യയിലെ മൂലധന വിപണിയുടെയും റീട്ടെയിൽ നിക്ഷേപങ്ങളുടെയും ദ്രുതഗതിയിലുള്ള വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മികച്ച കമ്പനികളുടെ മുൻനിരയിലേക്ക് കടന്നുവന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൻ.എസ്.ഇ എന്നിവ ഒരുമിച്ച് കാണിക്കുന്നത് ഇന്ത്യയിൽ കോർപ്പറേറ്റ് സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഫിനാൻഷ്യലൈസേഷൻ (സാമ്പത്തികവൽക്കരണം) എത്രത്തോളം ശക്തമായ സ്വാധീനമായി മാറിയിട്ടുണ്ടെന്നാണ്.
മുൻനിര കമ്പനികളുടെ റാങ്കിങിലുണ്ടായ ഈ മാറ്റം ഇന്ത്യയിലെ സോഫ്റ്റ്‌വെയർ സേവന മേഖലയുടെ സ്വാധീനത്തിലുണ്ടായ ഇടിവിനെയും കാണിക്കുന്നുണ്ട്.
ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ മൂല്യം ഈ വർഷം 44 ശതമാനവും അഞ്ച് വർഷത്തിനിടെ 32 ശതമാനവും ഇടിഞ്ഞതിനെ തുടർന്ന് കമ്പനി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് വർഷത്തിനിടെ 36 ശതമാനം മൂല്യം നഷ്ടപ്പെട്ട ഇൻഫോസിസ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. കയറ്റുമതിയെ ആശ്രയിക്കുന്ന സാങ്കേതിക സേവന കമ്പനികളേക്കാൾ, ഇന്ത്യയുടെ ആഭ്യന്തര വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന ബിസിനസുകൾക്കാണ് നിക്ഷേപകർ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത് എന്ന് ഈ റാങ്കിങ് മാറ്റങ്ങൾ അടിവരയിടുന്നു.
ടി.സി.എസും ഇൻഫോസിസും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേഷനുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ സാങ്കേതികവിദ്യക്കുള്ള ചെലവിടൽ കുറയുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവും കാരണം പരമ്പരാഗത ഐ.ടി സേവന കമ്പനികളുടെ ഭാവി വളർച്ചയെ നിക്ഷേപകർ പുനർമൂല്യനിർണയം നടത്തുന്നതാണ് ഇവരുടെ റാങ്കിങിലെ ഇടിവിന് കാരണം.
2021-2025 കാലയളവിൽ യഥാർഥ മൂല്യവർധനവിന്റെ അടിസ്ഥാനത്തിൽ (കമ്പനിയുടെ മൂല്യത്തിലുണ്ടായ മാറ്റം രൂപ കോടിയിൽ കണക്കാക്കുമ്പോൾ) ഷെയർഹോൾഡർമാർക്ക് ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ചു നൽകിയ കമ്പനികളാണിവ. ഉയർന്ന അടിസ്ഥാന മൂല്യമുള്ള വൻകിട കമ്പനികൾക്കാണ് 'അബ്സല്യൂട്ട് വാല്യൂ ക്രിയേഷൻ' കൂടുതൽ അനുകൂലമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.