ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ യു.എസ് കോടതി തള്ളി. ഇതോടെ ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന കൈക്കൂലി, വഞ്ചനാ കേസുകൾക്ക് അവസാനമായി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യു.എസ് ഡിസ്ട്രിക്റ്റ് കോടതിയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ റൂൾ 48(എ) പ്രകാരമുള്ള അപേക്ഷ അംഗീകരിച്ചുകൊണ്ട് വിചാരണ കൂടാതെ കേസ് അവസാനിപ്പിച്ചത്. സെക്യൂരിറ്റീസ് ഫ്രോഡ് കോൺസ്പിറസി, വയർ ഫ്രോഡ് കോൺസ്പിറസി, സെക്യൂരിറ്റീസ് ഫ്രോഡ് തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്.
വിചാരണ നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതാണ് കോടതിയുടെ ഉത്തരവ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ കുറ്റങ്ങൾ വീണ്ടും ചുമത്താൻ കഴിയില്ല. എന്നാൽ കേസുകളിൽ നിന്ന് കുറ്റവിമുക്തമാക്കിയിട്ടില്ല. ഇരുപത് വർഷത്തിനിടയിൽ 2 ബില്യൺ ഡോളറിലധികം ലാഭം നൽകുന്ന സോളാർ പവർ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ കൈക്കൂലി നൽകാൻ ഗൗതം അദാനിയും മറ്റുള്ളവരും ഗൂഢാലോചന നടത്തിയെന്നായിരുന്നു 2024 നവംബറിലെ പ്രോസിക്യൂഷൻ ആരോപണം. യു.എസ് വിപണിയിൽ നിന്ന് വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും 3 ബില്യൻ ഡോളറിലധികം സമാഹരിച്ചപ്പോൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പ്രേരിതമായി മുൻ ഭരണകൂടം കൊണ്ടുവന്നതാണ് ഈ കേസെന്നും ഇതുമുന്നോട്ട് കൊണ്ടുപോകുന്നത് നീതിക്ക് വിരുദ്ധമാണെന്നുമാണ് യു.എസ് ഭരണകൂടം വാദിച്ചിരിക്കുന്നത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അദാനി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. "സത്യത്തിലും നീതിയിലും നിയമവാഴ്ചയിലുമുള്ള ഞങ്ങളുടെ വിശ്വാസം ഒരിക്കലും തകരില്ലെന്നും കൂട്ടിച്ചേർത്തു.
യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) കൊണ്ടുവന്ന പ്രത്യേക സിവിൽ കേസ് അന്തിമ വിധിയിലൂടെ ഒത്തുതീർപ്പായി. ആരോപണങ്ങൾ അംഗീകരിക്കാതെ തന്നെ, ഗൗതം അഡാനി 30 ദിവസത്തിനുള്ളിൽ 6 ദശലക്ഷം ഡോളർ പിഴയൊടുക്കാൻ സമ്മതിച്ചു. 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് നേരിട്ട കടുത്ത പരിശോധനകൾക്കൊടുവിലാണ് നിയമനടപടികൾ ആരംഭിച്ചത്. ഹിൻഡൻബർഗ് ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിരന്തരം നിഷേധിക്കുകയും നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും കമ്പനി വാദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.