വാണിജ്യ സിലിണ്ടർ
വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി, ഹോട്ടലുകൾക്ക് തിരിച്ചടി; ഗാർഹിക നിരക്കിൽ മാറ്റമില്ല
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് ഒക്ടോബർ 1 മുതൽ വില വർധിപ്പിച്ചത്. ശരാശരി 60 മുതൽ 72 രൂപ വരെയാണ് വർധനവ്.
കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ പുതിയ വില 2,828 രൂപയായി ഉയർന്നു. കോഴിക്കോട് 2,860.5 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ നിരക്ക്. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്‍റെ വില കൊച്ചിയിൽ 949 രൂപയായി തന്നെ തുടരും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെയും എൽപിജിയുടെയും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റവുമാണ് സാധാരണയായി എൽപിജി വില വർധനവിന് കാരണം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) ആണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവിവരങ്ങൾ നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നത്.
ആഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ ഉണ്ടായ വിലകയറ്റം രാജ്യമെങ്ങും ഹോട്ടൽ മേഖലയെ ബാധിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
ഒക്ടോബർ ഒന്ന് മുതൽ പാചകവാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാർ അധിഷ്ഠിതമായ ഇ-കെവൈസി എണ്ണക്കമ്പനികൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടപ്പെടുകയും വിപണി വില നൽകി സിലിണ്ടർ വാങ്ങേണ്ടി വരികയും ചെയ്യും. എന്നാൽ ഇവർക്ക് സിലിണ്ടർ വിതരണം പൂർണമായി തടയില്ല. ചില സാഹചര്യങ്ങളിൽ ഇത്തരക്കാർക്ക് അഞ്ച് കിലോ അല്ലെങ്കിൽ പത്ത് കിലോയുടെ ചെറിയ സിലിണ്ടറുകൾ മാത്രമേ നൽകുകയുള്ളൂ.
പുതിയ കണക്ഷനായി അപേക്ഷിക്കുന്നവർക്കും പ്രധാനമായും ചെറിയ സിലിണ്ടറുകളാകും ലഭിക്കുക. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴി സ്വന്തമായി ഇ-കെവൈസി പൂർത്തിയാക്കാം. അടുത്തുള്ള ഗ്യാസ് ഏജൻസി ഷോറൂം നേരിട്ട് സന്ദർശിച്ച് വിരലടയാളം നൽകിയോ, സിലിണ്ടർ വിതരണം ചെയ്യാനായി വീട്ടിലെത്തുന്ന ജീവനക്കാർ മുഖേനയോ ഇത് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.