മുംബൈ: മാസങ്ങൾ നീണ്ട സമ്മർദത്തിന് ശേഷം അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകി ചൈന. ഇലക്ട്രിക് കാർ അടക്കമുള്ള രാജ്യത്തെ വ്യവസായ മേഖലക്ക് ഏറെ ആശ്വസം നൽകുന്നതാണ് ചൈനയുടെ തീരുമാനം. ഏതെങ്കിലും ഒരു രാജ്യത്തെ ലക്ഷ്യമിട്ടായിരുന്നില്ല ചൈന അപൂർവ ധാതുക്കളുടെ കയറ്റുമതി നിരോധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. സൈനികേതര ആവശ്യങ്ങൾക്ക് അപൂർവ ധാതുക്കൾ കയറ്റുമതി ചെയ്യാൻ ചൈന സർക്കാർ സമയബന്ധിതമായി അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള വ്യാവസായിക, വിതരണ ശൃംഖല സുസ്ഥിരമാക്കാൻ സുപ്രധാന രാജ്യങ്ങളുമായി ചർച്ച നടത്താൻ ചൈന തയാറാണ്. ലോക സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പുവരുത്താനും ആണവ നിർവ്യാപന ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ആയുധങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്ന അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചതെന്നും ജിയാകുൻ കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യത്തിൽ യു.എസ് പ്രഖ്യാപിച്ച ഇരട്ടി താരിഫിന് പിന്നാലെയാണ് അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയത്. അപൂർവ ധാതുക്കളുടെ നിക്ഷേപത്തിൽ 60-70 ശതമാനവും സംസ്കരണ ശേഷിയിൽ 90 ശതമാനവും കൈയാളുന്നത് ചൈനയാണ്. ലോകത്തെ മിക്കവാറും രാജ്യങ്ങൾ അപൂർവ ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നുണ്ട്. യു.എസും ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളുമാണ് ചൈനയിൽനിന്ന് ഏറ്റവും അധികം അപൂർവ ധാതുക്കൾ ഇറക്കുമതി ചെയ്യുന്നത്.
സ്‌കാന്‍ഡിയം, യിട്രിയം, ലാന്തനം, സിറിയം, പ്രസിയോഡിമിയം, നിയോഡിമിയം, പ്രോമിത്തിയം, സമേരിയം, യൂറോപ്യം, ഗാഡോലിനിയം, ടെർബിയം, ഡിസ്‌പ്രോസിയം, ഹോൾമിയം, എർബിയം, തൂലിയം, യറ്റർബിയം, ലൂട്ടീഷ്യം എന്നീ 17 ലോഹ മൂലകങ്ങളാണ് അപൂർവ ധാതുക്കൾ (റെയർ എർത് മിനറൽസ്) ആയി കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍, പ്രതിരോധ ഉപകരണങ്ങൾ, ക്ലീൻ എനർജി, ഹൈബ്രിഡ് കാറുകൾ, സോളാർ പാനലുകൾ, എം.ആർ.ഐ യന്ത്രങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ, സെമി കണ്ടക്ടറുകൾ, ബാറ്ററികൾ തുടങ്ങിയവയുടെ നിർമാണത്തിൽ ഈ അപൂർവ ധാതുക്കൾ അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.