അപൂർവ ധാതുക്കൾ ലഭിക്കും; ചൈനയുടെ രണ്ട് നിബന്ധന അംഗീകരിച്ച് ഇന്ത്യ

ബെയ്ജിങ്: അപൂർവ ധാതുക്കളുടെ കയറ്റുമതി നിർത്തി ആറ് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് ഏറെ ആശ്വാസം നൽകി ചൈന. ഇന്ത്യയിലേക്കുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതി പുനരാരംഭിക്കാൻ ചൈന തീരുമാനിച്ചു. ഇലക്ട്രിക് വാഹന വിപണിക്കും പ്രകൃതി സൗഹൃദ ഊർജ മേഖലക്കും ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ രംഗത്തിനും വൻ പ്രതീക്ഷ നൽകുന്നതാണ് ചൈനയുടെ തീരുമാനം. ഇന്ത്യയിലെ നാല് കമ്പനികൾക്കാണ് ചൈനയിൽനിന്ന് അപൂർവ ധാതുക്കൾ വാങ്ങാനുള്ള അനുമതി ലഭിച്ചത്. ഹിറ്റാച്ചി, കോണ്ടിനന്റൽ, ജെ-ഉഷിൻ, ഡി.ഇ ഡയമണ്ട്സ് തുടങ്ങിയ കമ്പനികൾക്കാണ് അനുമതി.

ചൈന മുന്നോട്ടുവെച്ച രണ്ട് നിബന്ധനകൾ അംഗീകരിച്ചതോടെയാണ് ഇവർക്ക് അനുമതി നൽകിയത്. ചൈനയിൽനിന്ന് വാങ്ങിയ അപൂർവ ധാതുക്കൾ യു.എസിന് മറിച്ച് വിൽക്കരുതെന്നും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നുമായിരുന്നു നിബന്ധന. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനക്കെതിരെ ഇറക്കുമതി താരിഫ് കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം സ്തംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും തമ്മിൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടത്തിയതോടെ വ്യാപാര ബന്ധം പുനരാരംഭിച്ചേക്കുമെന്ന സൂചനയുണ്ട്.

യു.എസുമായുള്ള വ്യാപാര ബന്ധം വഷളായ ഘട്ടത്തിലാണ് ഇന്ത്യൻ കമ്പനികൾക്ക് മുന്നിൽ ചൈന നിബന്ധന വെച്ചത്. ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കില്ലെന്ന് ഇന്ത്യൻ കമ്പനികൾ എഴുതി നൽകിയിട്ടുണ്ട്. അതേസമയം, അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് അനുമതി തേടിയ 50 ഓളം കമ്പനികളുടെ അപേക്ഷ ഇപ്പോഴും ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇന്ത്യയിൽനിന്ന് ചൈനയിലേക്കന്‍ വിമാന സർവിസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് ചൈനയുടെ തീരുമാനം. ഇനി യു.എസും ചൈനയും തമ്മിലുള്ള ബന്ധം പൂർണതോതിൽ പുനസ്ഥാപിക്കുന്നതോടെ ഇന്ത്യയുടെ പ്രതിസന്ധി അവസാനിക്കുമെന്നാണ് വ്യവസായ മേഖലയിലുള്ളവർ നൽകുന്ന സൂചന.

ചൈന അപൂർവ ധാതുക്കളുടെ കയറ്റുമതി നിർത്തിയതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയാണ് ഏറ്റവും പ്രതിസന്ധിയിലായത്. മാരുതി സുസുകി അടക്കമുള്ള കമ്പനികളുടെ ഉത്പാദനം ഉടൻ സ്തംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് ചൈന. ലഭ്യമായ 61 ശതമാനം അപൂർവ ധാതുക്കളിൽ 92 ശതമാനവും ചൈന സംസ്കരിക്കുന്നെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക്. ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, ഡ്രോണുകൾ, വ്യവസായ യന്ത്രങ്ങൾ തുടങ്ങിയ മിക്കതും നിർമിക്കണമെങ്കിൽ അപൂർവ ധാതുക്കൾ അത്യാവശ്യമാണ്.

Tags:    
News Summary - china approves export of rare earth minerals to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.