പശ്ചിമേഷ്യൻ യുദ്ധം വലിയ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ ഉണ്ടാക്കിയത്. വിലയിലെ ഉയർച്ചയും താഴ്ചയും സാധാരണക്കാരെ വരെ ബാധിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള ഭ്രമം കുറഞ്ഞു എന്നാണ്. വില തന്നെയാണ് പ്രധാന വില്ലനെങ്കിലും വേറെയും പല കാരണങ്ങൾ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട്.
വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം, 2026 ജൂൺ അവസാനത്തോടെ അവസാനിച്ച രണ്ടാം പാദത്തിൽ (Q2) ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ റെക്കോർഡ് അളവിൽ 289 ടൺ സ്വർണമാണ് കരുതൽ ശേഖരത്തിലേക്ക് വാങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 74 ശതമാനത്തിന്‍റെ വർധനവാണ് കാണിക്കുന്നത്. പോളണ്ട് നാഷണൽ ബാങ്ക്, ചൈനീസ് സെൻട്രൽ ബാങ്ക് എന്നിവരാണ് ഈ വാങ്ങലുകളിൽ മുൻപിൽ നിന്നത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായും ദീർഘകാല മൂല്യസ്രോതസ്സായുമാണ് സെൻട്രൽ ബാങ്കുകൾ കാണുന്നത്.
ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുമ്പോൾ, ഇന്ത്യയിൽ സ്വർണാഭരണ ഡിമാന്‍റിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ ഇന്ത്യയിൽ വെറും 75 ടൺ സ്വർണം മാത്രമാണ് വിറ്റുപോയത്. റെക്കോർഡുകൾ മറികടന്ന് സ്വർണ വില ഉയർന്നതും, ഇന്ത്യയിൽ സ്വർണ ഇറക്കുമതി തീരുവയിൽ ഉണ്ടായ വർദ്ധനവുമാണ് ഉപഭോക്താക്കളെ ബാധിച്ചത്.
വില കൂടിയതുകാരണം വിറ്റഴിച്ച സ്വർണത്തിന്‍റെ അളവ് കുറഞ്ഞെങ്കിലും, ഉയർന്ന വില കാരണം മൊത്തത്തിലുള്ള മൂല്യം 26 ശതമാനം വർധിച്ചു. ഉപഭോക്താക്കൾ ഇപ്പോൾ ഭാരമുള്ള ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞതും ചെറിയ ഡിസൈനുകളുള്ളതുമായ ഉൽപ്പന്നങ്ങളിലേക്കാണ് തിരിയുന്നത്.
സ്വർണ വിലയിലെ മാറ്റങ്ങൾ നിക്ഷേപകരെയും സ്വാധീനിച്ചിട്ടുണ്ട്. ഇ.ടി.എഫ്, സ്വർണ നാണയങ്ങൾ എന്നിവയിലെ നിക്ഷേപം രണ്ടാം പാദത്തിൽ 262 ടണ്ണായി കുറഞ്ഞു. എന്നാൽ വില ഇത്രയും ഉയർന്ന സാഹചര്യത്തിലും പഴയ സ്വർണം വിൽക്കുന്നവരുടെയും റീസൈക്കിൾ ചെയ്യുന്നവരുടെയും എണ്ണത്തിൽ 6 ശതമാനത്തിന്‍റെ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഭാവിയിൽ വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയോ അല്ലെങ്കിൽ കൈവശമുള്ള സുരക്ഷിത നിക്ഷേപം കൈവിട്ടുപോകാൻ മടിക്കുന്നതോ ആകാം ആളുകളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
ചുരുക്കത്തിൽ, ഉപഭോക്താക്കൾ ഉയർന്ന വില കാരണം സ്വർണാഭരണ വാങ്ങലുകൾ വെട്ടിക്കുറയ്ക്കുമ്പോഴും, ആഗോളതലത്തിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളും നിക്ഷേപകരും സ്വർണത്തെ ഒരു പ്രധാന തന്ത്രപരമായ ആസ്തിയായി ഇപ്പോഴും മുറുകെപ്പിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.