വ്യവസായ സൗഹൃദ സൂചിക റാങ്ക്: കേരളം 28ൽനിന്ന് 15 ലേക്ക്

തിരുവനന്തപുരം: ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം 75.49 ശതമാനം സ്കോറോടെ 15ാം സ്ഥാനത്തെത്തി. 2019ലെ 28 ാം സ്ഥാനത്തുനിന്നാണ് മികവിലേക്കുള്ള മുന്നേറ്റം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ഡിപ്പാർട്മെന്‍റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡാണ് (ഡി.പി.ഐ.ഐ.ടി) എല്ലാ സംസ്ഥാനങ്ങെളയും ഉൾപ്പെടുത്തി സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിച്ചത്.

2020ലെ അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സർവേയും അടിസ്ഥാനമാക്കിയാണ് റാങ്കിങ്. 2014ൽ തുടങ്ങിയ റാങ്കിങ്ങിൽ 2016 മുതലാണ് കേരളം പങ്കെടുക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് (കെ.എസ്.ഐ.ഡി.സി) സംസ്ഥാനത്തെ നോഡൽ ഏജൻസി. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ നടപ്പാക്കിയതും നേട്ടത്തിന് സഹായകരമായതായി മന്ത്രി പി. രാജീവ് പറഞ്ഞു.

ഈസ് ഓഫ് ഡൂയിങ് റാങ്കിങ്ങിൽ കേരളം മുകളിലേക്ക് കയറുന്നില്ലെന്നത് ഏറെ നാളുകളായുള്ള പോരായ്മയായിരുന്നു. ഇത് രാജ്യവ്യാപകമായി നമുക്കെതിരെയുള്ള അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംരംഭകരുടെ പ്രതികരണങ്ങളാണ് റാങ്കിങ്ങിന് പ്രധാനമായും മാനദണ്ഡമാക്കിയത്. സംരംഭക സമൂഹത്തിലും കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മാറുന്നുവെന്നാണ് നേട്ടം അടിവരയിടുന്നത്.

അടുത്തവർഷം ആദ്യ 10 റാങ്കിനുള്ളിൽ എത്തുകയെന്നതാണ് കേരളത്തിന്‍റെ ലക്ഷ്യമെന്നും സംരംഭകരുടെ പ്രതികരണം മാത്രം അടിസ്ഥാനമാക്കി റാങ്കിങ് നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്നും മന്ത്രി പറഞ്ഞു.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സുമൻ ബില്ല, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Business friendliness index rank: Kerala from 28 to 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.