അക്കൗണ്ടിൽനിന്ന് അബദ്ധത്തിൽ ബാങ്ക് ഇരട്ടി പണം പിൻവലിച്ചതോടെ വലഞ്ഞത് ഉപഭോക്താക്കൾ. കമ്പ്യൂട്ടർ തകരാറിനെ തുടർന്നാണ് യു.കെയിലെ ടി.ബി.എസ് ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽനിന്ന് ഒരേ സമയം ഇരട്ടി പണം പിൻവലിച്ചത്. തങ്ങളുടെ അക്കൗണ്ടിൽനിന്ന് അജ്ഞാത സംഘം പണം തട്ടിയെടുത്തെന്ന് ഭയന്ന ഉപഭോക്താക്കൾ, ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോഴാണ് ബാങ്കിന് പറ്റിയ അമളി മനസ്സിലായത്.
പലരുടെയും ശ്വാസം അപ്പോഴാണ് നേരെയായത്. നിരവധി പേർ പരാതിയുമായെത്തിയതോടെ ബാങ്ക് അധികൃതർ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ബാങ്ക് അറിയിച്ചു. പലരും പല ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന പണമാണ് സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടത്. മറ്റു ചിലർ ഭയപ്പെട്ടത് തങ്ങൾ തട്ടിപ്പിനിരയായെന്നാണ്. ''ചില ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ ഡ്യൂപ്ലിക്കേറ്റ് പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം. ഈ പ്രശ്‌നം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്, കൂടാതെ പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു നലൽകും. ഇത് മൂലമുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു'' -ബാങ്ക് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
നിങ്ങൾ അക്ഷരാർഥത്തിൽ ഞങ്ങളെ ഒന്നുമല്ലാതാക്കി, ഞാൻ പ്രതിവാര ഷോപ്പിങ്ങിനായി മാറ്റിവെച്ച പണമാണ് നഷ്ടപ്പെട്ടത്. പണം തിരികെ ലഭിക്കാൻ എത്ര ദിവസമെടുക്കുമെന്നും ഒരു ഉപഭോക്താവ് ചോദിച്ചു. കുടുംബ ചെലവിനായി മാറ്റിവെച്ച പണമാണ് നഷ്ടപ്പെട്ടതെന്നും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണെന്നും പലരും പറയുന്നു.
കഴിഞ്ഞവർഷം അമേരിക്കയിലെ ഒരു യുവതി അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടിയിരുന്നു. കോടി കണക്കിന് ഡോളറാണ് അവരുടെ അക്കൗണ്ടിൽ ബാലൻസ് കാണിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നാണ് അബദ്ധം സംഭവിച്ചതെന്ന് അന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.