മുംബൈ: ആണവ വൈദ്യുതി ഉത്പാദന രംഗം സ്വകാര്യ മേഖലക്ക് തുറന്നുനൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങിയതോടെ രാജ്യത്തെ വൻകിട കമ്പനികൾ പുതിയ പദ്ധതി തയാറാക്കുന്നു. ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികളാണ് ആണവ വൈദ്യുതി ഉത്പാദന രംഗത്തേക്ക് കടന്നുവരാൻ തയാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ആണവോർജ ബില്ലിന് അനുമതി നൽകിയിരുന്നു. ആണവോർജത്തിന്റെ സുസ്ഥിര ഉപയോഗവും പുരോഗതിയും (ശാന്തി) എന്ന ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും.
1962ലെ ആണവോർജ നിയമവും ആണവ അപകടങ്ങളുണ്ടായാൽ പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള 2010ലെ നിയമവും ഭേദഗതി ചെയ്താണ് പുതിയ ബിൽ തയാറാക്കിയത്. വിദേശ സാങ്കേതികവിദ്യ, ഉപകരണ വിതരണം എന്നിവയടക്കം സ്വകാര്യ കമ്പനികളെ ആണവോർജ മേഖലയിലേക്ക് വരുന്നത് തടഞ്ഞിരുന്ന ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. 2047 ഓടെ 100 ജിഗാവാട്ട് ആണവ വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ പാസാകുന്നതോടെ ഫെബ്രുവരിയിലെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ച ആണവോർജ മിഷൻ നിലവിൽ വരും.
ആണവ വൈദ്യുതി മേഖലയിൽ നിക്ഷേപമിറക്കാൻ സ്വകാര്യ കമ്പനികളെയോ സംസ്ഥാന സർക്കാറിനെയോ നിലവിലെ നിയമം അനുവദിക്കുന്നില്ല. അതേസമയം, വൻ തുക നിക്ഷേപമിറക്കാനും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാനും കഴിയാത്തതിനാൽ 100 ജിഗാവാട്ട് ആണവ വൈദ്യുതി ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാറിന് കഴിയില്ല. സ്വകാര്യ കമ്പനികളുടെ വരവോടെ ഈ ലക്ഷ്യം നേടാമെന്നതാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
ആണവ വൈദ്യുതി ഉത്പാദിപ്പിക്കാൻ അദാനി ഗ്രൂപ്പാണ് ഏറ്റവും ആദ്യം താൽപര്യം പ്രകടിപ്പിച്ചത്. നിലവിൽ വൈദ്യുതി മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയ അദാനി മൂന്ന് മുൻനിര കമ്പനികളുടെ ഉടമയാണ്. കൽക്കരിയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അദാനി പവർ, പ്രകൃതി സൗഹൃദ വൈദ്യുതി നിർമിക്കുന്ന അദാനി ഗ്രീൻ എനർജി, വൈദ്യുതി വിതരണം ചെയ്യുന്ന അദാനി എനർജി സൊലൂഷൻസ് തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിനുള്ളത്.
പൊതു സ്വകാര്യ പങ്കാളിത്തത്തിന് സർക്കാർ അനുമതി നൽകുകയാണെങ്കിൽ ആണവ വൈദ്യുതി ഉത്പാദന മേഖലയിൽ നിക്ഷേപത്തിന് വളരെയേറെ താൽപര്യമുണ്ടെന്ന് അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദർ സിങ് പറഞ്ഞു. പുതിയ നിയമം നിലവിൽ വന്നാൽ ആണവ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ വിദേശ കമ്പനികളുമായി ചേർന്ന് അദാനി ഗ്രൂപ്പ് തുടങ്ങിയ വൈദ്യുതി പദ്ധതികൾ ആണവോർജ മേഖലയിലും യാഥാർഥ്യമാക്കാൻ കഴിയും. കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വൈദ്യുതി മേഖലയിൽ ഉദാരവൽക്കരണം കൊണ്ടുവരുന്ന പോസിറ്റിവ് നീക്കമാണ് സർക്കാറിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഉടമസ്ഥതയിൽ ന്യൂക്ലിയർ പവർ കോർപറേഷൻ നടത്തുന്ന 23 റിയാക്ടറുകളാണ് രാജ്യത്തുള്ളത്. ഈ കമ്പനികൾ ചേർന്ന് മൊത്തം 8.8 ജിഗാവാട്ട് ആണവോർജമാണ് ഉത്പാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.