ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ചിന് അവാർഡ്

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) കോഴിക്കോട് ശാഖക്ക് അഖിലേന്ത്യ തലത്തിൽ മികച്ച ബ്രാഞ്ചിനുള്ള അവാർഡ് ലഭിച്ചു. സി.എ സ്റ്റുഡന്റസ് അസോസിയേഷൻ കോഴിക്കോട് ശാഖക്കും അഖിലേന്ത്യ തലത്തിലെ മികച്ച അസോസിയേഷൻ ശാഖക്കുള്ള പുരസ്ക്കാരം ലഭിച്ചു. ആദ്യമായാണ് ഈ അംഗീകാരം കോഴിക്കോട് ശാഖക്ക് ലഭിക്കുന്നത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ സി.എ കോഴ്സ് നടത്തുന്നതിനും ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ പ്രവർത്തന മേഖല നിയന്ത്രിക്കുന്നതിനുമായി പാർലമെന്റിനു കീഴിൽ 1949 ൽ സഥാപിതമായതാണ് ഐ.സി.എ.ഐ. ഇന്ത്യയിൽ അഞ്ച് മേഖല കേന്ദ്രങ്ങളും 175 ബ്രാഞ്ചുകളും 47 വിദേശ ചാപ്റ്ററുകളും ഉള്ള ഐ.സി.എ.ഐ ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിങ് സ്ഥാപനമാണ്.

കോഴിക്കോട് മലപ്പുറം വയനാട് ജില്ലകൾ പ്രവർത്തന പരിധിയായുള്ള ഐ.സി.എ.ഐ കോഴിക്കോട് ശാഖക്ക് കീഴിൽ ആയിരത്തോളം ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ഏഴായിരത്തഞ്ഞൂറോളം കുട്ടികളും ഉൾപ്പെടുന്നുണ്ട്. മെംബർമാർക്കും കുട്ടികൾക്കും ഉള്ള സേവനങ്ങൾക്ക് പുറമെ ബീച്ച് ഹോസ്പിറ്റൽ നവീകരണം പൊതുജനങ്ങൾക്കായി ജി.എസ്.ടി ഹെൽപ് ഡെസ്ക്, എം.എസ്.എം.ഇ ഹെൽപ്‌ഡെസ്‌ക്, പ്ലാനറ്റോറിയത്തിൽ മിയാവാക്കി വനം, ചെറൂട്ടി നഗർ ജങ്ഷൻ നവീകരണം എന്നിങ്ങനെ സാമൂഹ്യ സേവനങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചതുൾപ്പെടെ പരിഗണിച്ചാണ് ബ്രാഞ്ചിന് ഈ അംഗീകാരം ലഭിച്ചത്.

ഡൽഹി വിജ്ഞാൻഭവനിൽ വെച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർല അവാർഡുകൾ വിതരണം ചെയ്തു. ചാർട്ടേഡ് അക്കൗണ്ടുമാരായ അനികേത് സുനിൽ തലാത്തി, മുജീബ് റഹ്മാൻ, സൂര്യ നാരായണൻ, അത്ഭുത ജ്യോതി, വിനോദ് എൻ, ജി. സന്തോഷ് പൈ, ബ്രാഞ്ച് ഇൻചാർജ് നിധീഷ് കെ.എൻ. എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

Tags:    
News Summary - Awarded to Institute of Chartered Accountants of India Kozhikode Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.