വിലക്കയറ്റത്തിലേക്ക്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: ആഗോള സാഹചര്യങ്ങൾക്കിടയിൽ കൂടുതൽ വിലക്കയറ്റത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. വ്യവസായിക അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നു. ചരക്കുകടത്ത് ചെലവുകൂടി. ഉൽപന്ന വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ട്. നാണ്യപ്പെരുപ്പത്തിന് ഇത് പ്രധാന കാരണങ്ങളാണെന്ന് വാർഷിക റിപ്പോർട്ടിൽ റിസർവ് ബാങ്ക് വിശദീകരിച്ചു.

സാമ്പത്തിക വളർച്ചക്ക് ഘടനാപരമായ പരിഷ്കരണങ്ങൾ വേണം. അതേസമയം, നാണ്യപ്പെരുപ്പം കുറക്കൽ, മൂലധന നിക്ഷേപം എന്നിവ പ്രധാനമാണ്. ഉപഭോക്തൃ വില സൂചിക നാണ്യപ്പെരുപ്പ സൂചനയാണ് നൽകുന്നത്. അസംസ്കൃത എണ്ണ, ലോഹങ്ങൾ, വളം തുടങ്ങിയവയുടെ വിലയിൽ ഉണ്ടായ വർധന രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂട്ടിയിട്ടുണ്ട്. കോവിഡ്, യുക്രെയ്ൻ സംഘർഷ സാഹചര്യങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്റെ വേഗത കുറയുകയാണ്. ആഗോള സാഹചര്യങ്ങൾ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചതടക്കം സർക്കാർ സ്വീകരിച്ച ഏതാനും നടപടികൾ പരിക്ക് ഒരളവിൽ കുറച്ചു. നിലവിലെ നാണ്യപ്പെരുപ്പ സ്ഥിതിയിൽ കാതലായ മാറ്റം വരാൻ യുക്രെയ്ൻ സംഘർഷം നീങ്ങുകയും ഗുരുതരമായ മറ്റൊരു കോവിഡ് തരംഗം ആവർത്തിക്കാതിരിക്കുകയും വേണം.

സംസ്ഥാനങ്ങൾ കടക്കെണി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് കരട് രൂപരേഖയുണ്ടാക്കണമെന്ന നിർദേശം വാർഷിക റിപ്പോർട്ടിൽ മുന്നോട്ടുവെച്ചു. വിപണിയിൽനിന്ന് കഴിഞ്ഞ സാമ്പത്തികവർഷം 7.02 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾ കടമെടുത്തത്. വളർച്ചയെ സഹായിക്കുമ്പോൾ തന്നെ, വായ്പ നൽകുമ്പോൾ സ്ഥാപനങ്ങളുടെ തിരിച്ചടവു സ്വഭാവം ബാങ്കുകൾ കൃത്യമായി നിരീക്ഷിക്കണം. കോവിഡ്കാല പ്രയാസങ്ങൾ മുൻനിർത്തി വിവിധ സഹായങ്ങൾ സംരംഭങ്ങൾക്കായി ചെയ്തിട്ടുണ്ട്. തിരിച്ചടവിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കണം. കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്റെ ഗുണദോഷ വശങ്ങൾ പരിശോധിച്ചു വരുന്നതായും റിസർവ് ബാങ്ക് പറഞ്ഞു.

Tags:    
News Summary - To inflation; Reserve Bank with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.