ലോണെടുത്ത് മുങ്ങുന്നവർക്ക് സഹായം; ബാങ്കുകൾക്ക് തിരിച്ചടിയായി പുതിയ നിബന്ധന

മുംബൈ: ഉപഭോക്താക്ക​ളെ വിളിക്കുമ്പോൾ 1600 സീരീസ് നമ്പർ ഉപയോഗിക്കണമെന്ന നിബന്ധന തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി). സാമ്പത്തിക തട്ടിപ്പുകൾ കുറക്കുകയെന്ന ലക്ഷ്യമിട്ടാണ് ബാങ്കുകളുടെ വോയിസ് കോളിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നമ്പർ നിബന്ധന കൊണ്ടുവന്നത്. ഉപഭോക്തൃ സംരക്ഷണമാണ് നിബന്ധനയുടെ ഉദ്ദേശ്യമെങ്കിലും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഉത്തരവ് തടസ്സപ്പെടുത്തുമെന്നാണ് സൂചന.

ഒരു പ്രത്യേക നമ്പറിൽനിന്ന് ഫോൺ കോൾ ലഭിച്ചാൽ വായ്പയെടുത്തവർ മറുപടി നൽകാതിരിക്കാൻ സാധ്യതയുണ്ടെന്ന്  ബാങ്കുകൾ പറയുന്നു. മാത്രമല്ല, വായ്പ തിരിച്ചടപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ധനകാര്യ സ്ഥാപനങ്ങൾ നിർബന്ധിതരാകും. ഏജന്റുകളെ നിയോഗിച്ച് നേരിൽ കണ്ട് വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുക, വാട്സ്ആപുകൾ പോലുള്ള ബദൽ ചാനലുകളിലൂടെ ബന്ധപ്പെടുക, തിരിച്ചടവ് മുടങ്ങാതിരിക്കാൻ വായ്പയെടുക്കുന്നതിന് മുമ്പ് പലിശ, ​പിഴ തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കളെ കൂടുതൽ ബോധ്യപ്പെടുത്തുക തുടങ്ങിയ നടപടികളാണ് ധനകാര്യ സ്ഥാപനങ്ങൾ ആലോചിക്കുന്നത്. ഇത്തരം പരമ്പരാഗത നടപടികളിലേക്ക് നീങ്ങിയാൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെ ചെലവ് 10 മുതൽ 15 ശതമാനം വരെ വർധിക്കുമെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

1600 സീരീസ് നമ്പർ വളരെ നല്ല ആശയമാണെന്നും സാമ്പത്തിക തട്ടിപ്പ് കുറക്കാൻ സഹായിക്കുമെന്നും വായ്പ തിരിച്ചുപിടിക്കുന്ന കമ്പനിയായ ഡി.പി.ഡിസീറോയുടെ സ്ഥാപകനും ചീഫ് എക്സികുട്ടിവ് ഓഫിസറുമായ ആനന്ദ് ഷ്രോഫ് പറഞ്ഞു. എന്നാൽ, വായ്പ തിരിച്ചുപിടിക്കൽ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറിയതിനാൽ പുതിയ നിബന്ധന ബാങ്കുകൾക്ക് വെല്ലുവിളിയാകും. നമ്പർ പൂർണമായും നിലവിൽ വരുന്നതോടെ ഫീൽഡ് ഏജന്റുമാരെ ആശ്രയിക്കുന്നത് ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1600 സീരീസ് നമ്പറിൽനിന്ന് വരുന്ന കോളുകൾ ഉപഭോക്താക്കൾ എടുക്കാത്തതിനാൽ നേരിട്ട് വായ്പ തിരിച്ചുപിടിക്കുന്ന പരമ്പരാഗത രീതിയെ ആശ്രയിക്കേണ്ടി വരുമെന്ന് ​വായ്പ തിരിച്ചുപിടിക്കുന്ന മറ്റൊരു സ്ഥാപനമായ ക്രെഡ്‌ജെനിക്സിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ഋഷഭ് ഗോയലും പറഞ്ഞു.

വാണിജ്യ ബാങ്കുകൾക്ക് ജനുവരി ഒന്നും വൻകിട ബാങ്കുകൾക്ക് ഫെബ്രുവരി ഒന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് ഒന്നുമാണ് 1600 സീരീസ് നമ്പർ നടപ്പാക്കുന്നതിനുള്ള സമയപരിധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞെങ്കിലും നഷ്ടപ്പെടുന്ന തുക കുതിച്ചുയർന്നിരിക്കുകയാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 21,515 കോടി രൂപയാണ് നഷ്ടപ്പെട്ടത്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് തുകയിൽ 30 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, തട്ടിപ്പുകളുടെ എണ്ണം 2.8 മടങ്ങ് കുറഞ്ഞ് 5,092 ആയി. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തട്ടിപ്പുകാർ കവർന്നത് 16,569 കോടി രൂപയായിരുന്നു. റജിസ്റ്റർ ചെയ്ത കേസുകൾ 18,386 ആയിരുന്നു.

Tags:    
News Summary - Trai’s numbering mandate raises debt collection concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.