ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു.

2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴി പണമിടപാട് നടത്തുകയാണെങ്കിൽ, ഇടപാട് പൂർത്തിയാകാൻ നാല് മണിക്കൂറിന്‍റെ സമയപരിധിയുണ്ടാകും. ഈ സമയത്തിനുള്ളിൽ ഇടപാട് പിൻവലിക്കാനോ മാറ്റംവരുത്താനോ സാധിക്കും -മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ പരസ്പരം യു.പി.ഐ ഇടപാടുകൾ നടത്തുന്നവർക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകൾ തമ്മിലാണ് ഈ നാല് മണിക്കൂർ സമപരിധി ബാധകമാകുക. അതേസമയം, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രം സമയപരിധി നൽകാൻ ധാരണയായത്.

തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് ഏതാനും നിയന്ത്രണങ്ങൾ നിലവിലുണ്ട്. പുതിയ യു.പി.ഐ അക്കൗണ്ട് ആരംഭിക്കുന്നയാൾക്ക് ആദ്യ 24 മണിക്കൂറിൽ പരമാവധി 5000 രൂപ മാത്രമേ അയക്കാൻ സാധിക്കൂ. അതുപോലെ, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ.ഇ.എഫ്.ടി) വഴി ബെനഫിഷറിയെ കൂട്ടിച്ചേർത്താൽ ആദ്യ 24 മണിക്കൂറിൽ 50,000 രൂപ മാത്രമേ അയക്കാനാകൂ.

ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടന്ന വർഷമാണ് 2022-23 എന്ന് റിസർവ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ബാങ്കിങ് മേഖലയിൽ 13,530 തട്ടിപ്പുകളിലൂടെ ആളുകൾക്ക് ഇക്കാലയളവിൽ നഷ്ടമായത് 30,252 കോടി രൂപയാണ്. ഇതിന്‍റെ 49 ശതമാനം, 6659 കോടി രൂപ, തട്ടിപ്പ് നടന്നത് ഡിജിറ്റൽ ഇടപാടുകൾ വഴിയാണ്. തട്ടിപ്പുകാർ കൈയിലാക്കിയ തുകയിൽ 2021 ഏപ്രിൽ മുതൽ 602 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ അധികൃതർക്ക് സാധിച്ചത്.

ഈയടുത്ത്, കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള യൂകോ ബാങ്കിൽ നിന്ന് 820 കോടി രൂപ അബദ്ധത്തിൽ അക്കൗണ്ട് ഉടമകൾക്ക് ക്രെഡിറ്റായ സംഭവമുണ്ടായിരുന്നു. ഇതും, ഡിജിറ്റൽ പണമിടപാടുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഔദ്യോഗിക ചർച്ചകൾക്ക് വഴിയൊരുക്കി.

ഡിജിറ്റൽ പേയ്മെന്‍റുകളിലെ തട്ടിപ്പുകൾ തടയുക ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്ന് പൊതു-സ്വകാര്യ മേഖല ധനകാര്യ സ്ഥാപനങ്ങളുടെ ഒരു യോഗം വിളിച്ചുചേർത്തിട്ടുണ്ട്. 

Tags:    
News Summary - To curb fraud, 4-hour delay likely in first UPI transfer over Rs 2,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.