ഉപഭോക്താക്കളെ, പണം അയക്കാനുള്ള ഒരു സേവനം നവംബർ 30ന് ബാങ്ക് നിർത്തുന്നു

മുംബൈ: പണമിടപാടിന് ഉപയോഗിച്ചിരുന്ന ഒരു സേവനം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിക്കുന്നു. ​ചെറിയ തുക പെട്ടെന്ന് അയക്കാൻ ഉപയോഗിച്ചിരുന്ന എംകാശ് സേവനമാണ് നിർത്തുന്നത്. വ്യക്തിയുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യാതെ ഓൺലൈൻ എസ്.ബി.ഐയിലൂടെയും യോനോ ലൈറ്റിലൂടെയും പണം അയക്കാനാണ് എംകാശ് സേവനം ഉപയോഗിച്ചിരുന്നത്. നവംബർ 30ഓടെയാണ് സേവനം അവസാനിപ്പിക്കുക.

തേഡ് പാർട്ടി ബെനഫിഷ്വറി അതായത് മൂന്നാം കക്ഷി ഗുണഭോക്താവുമായി പണമിടപാട് നടത്താൻ എംകാശിന് പകരം യു.പി.ഐ, ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് സേവനം ഉപയോഗിക്കണമെന്ന് എസ്.ബി.ഐ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. കാലത്തിന് അനുസരിച്ച് പുതിയ സാ​ങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതമായ ബാങ്കിങ് സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

​ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്ത് എം.പി.ഐ.എൻ അഥവ ബാങ്കിങ് വ്യക്തിഗത തിരിച്ചറിയൽ നമ്പർ നൽകിയാണ് എസ്.ബി.ഐ എംകാശ് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുന്നത്. എസ്.ബി.ഐ ഉപഭാക്താവിന് എത് ബാങ്ക് അക്കൗണ്ടിലേക്കും പണമയക്കാം. പണം ലഭിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതില്ല. ​മൊബൈൽ നമ്പറോ ഇ-മെയിൽ ഐ.ഡിയോ നൽകിയാൽ മതി.

അതുപോലെ പണം സ്വീകരിക്കുന്നവർക്ക് എസ്.എം.എസ് അല്ലെങ്കിൽ ഇ-മെയിൽ വഴി ഒരു ലിങ്ക് ലഭിക്കും. ഒപ്പം എട്ടക്ക പാസ്കോഡും ഉണ്ടാകും. പണം സ്വീകരിക്കാൻ ഏത് ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും നൽകാം. മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഐ.ഡികൂടി നൽകണമെന്ന് മാത്രം.

എംകാശ് സേവനത്തിന് എസ്.ബി.ഐ ചാർജ് ഈടാക്കിയിരുന്നു. ഓരോ ഇടപാടിനും 2.50 രൂപയായിരുന്നു ചാർജ്. ഒരു ദിവസം 5101 രൂപ മാത്രമേ എംകാശിലൂടെ അയക്കാൻ കഴിയൂ. ഒരു ഇടപാട് 2501 രൂപയിൽ കവിയാനും പാടില്ല. മാസം 11,101 രൂപ വരെ അയക്കാം.

യു.പി.ഐ ജനപ്രിയമായതോടെ എംകാശ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് സേവനം അവസാനിപ്പിക്കാൻ കാരണം. കുറഞ്ഞ തുകയുടെ മാത്രമേ ഇടപാട് നടത്താൻ കഴിയൂവെന്നതും എംകാശിന് തിരിച്ചടിയായി. നിലവിൽ യു.പി.ഐ ഇടപാട് അതിവേഗത്തിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. എത്ര വലിയ തുകയുടെ ഇടപാടും അതിവേഗത്തിൽ ചെലവില്ലാതെ നടത്താമെന്നതാണ് യു.പി.ഐയുടെ പ്രത്യേകത. ​മാത്രമല്ല, എംകാശ് പോലുള്ള പഴഞ്ചൻ സേവനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ വൻതുകയുടെ ചെലവ് വെട്ടിക്കുറക്കാൻ എസ്.ബി.ഐക്ക് കഴിയും.

Tags:    
News Summary - SBI to discontinue mCASH service after November 30, 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.