ഒടുവിൽ ആർ.ബി.ഐ ഉത്തരവ്, എല്ലാ ബാങ്കുകളും സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം

മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ്  അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട് സർക്കുലറിലാണ് റിസർവ് ബാങ്കിന്റെ നിർദേശം. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിങ്സ് അക്കൗണ്ടുകൾ (ബി.എസ്.ബി.ഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾ പരസ്യപ്പെടുത്തണം.

അതുപോലെ ഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽ ബി.എസ്.ബി.ഡി അക്കൗണ്ടും മറ്റ് സേവിങ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തണം. മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബി.എസ്.ബി.ഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് കഴിയുമെന്നും സർക്കുലർ അറിയിച്ചു.

സർക്കുലർ അനുസരിച്ച്, ബാങ്കുകൾ ഒരു ബി.എസ്.ബി.ഡി അക്കൗണ്ടിൽ പരിധിയില്ലാത്ത നിക്ഷേപം അനുവദിക്കണം. കൂടാതെ സൗജന്യ എ.ടി.എം സൗകര്യങ്ങളോ ഡെബിറ്റ് കാർഡോ നൽകണം. പ്രതിവർഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്, ഒരു പാസ്ബുക്ക്, പ്രതിമാസ സ്റ്റേറ്റ്മെന്റ് എന്നിവയും നൽകണം. കൂടാതെ, എം.ടി.എം വഴി പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കൽ അനുവദിക്കണം.

ചാർജ് ഈടാക്കാതെ, വിവേചനം കാണിക്കാതെ ഉപഭോക്താവിന്റെ അറിവോടെ മറ്റേത് സേവനവും ബാങ്കുകൾക്ക് നൽകാം. അതേസമയം, ഒരു ബി.എസ്.ബി.ഡി അക്കൗണ്ടുള്ളവർക്ക് മറ്റൊരു ബാങ്കിൽ സമാന അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. മാത്രമല്ല, ബി.എസ്.ബി.ഡി അക്കൗണ്ടുള്ള ബാങ്കിൽ മറ്റൊരു സേവിങ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും അനുമതി ലഭിക്കില്ലെന്ന് ആർ.ബി.ഐ സർക്കുലറിൽ വ്യക്തമാക്കി

പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ കീഴിലുള്ളവയാണ് ബി.എസ്.ബി.ഡി അക്കൗണ്ടുകൾ. 56.6 കോടിയിലേറെ ബി.എസ്.ബി.ഡി അക്കൗണ്ടുകളിലായി 2.67 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. 

Tags:    
News Summary - RBI proposes free basic savings bank deposit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.