കൊച്ചി: ദീപാവലി അടുത്തിരിക്കെ ജീവനക്കാർക്കുള്ള സമ്മാന വിതരണം വിലക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനോട് ഭിന്ന നിലപാടുമായി പഞ്ചാബ് നാഷനൽ ബാങ്ക്. ദീപാവലി ഉൾപ്പെടെ ഉത്സവ സീസണിൽ ജീവനക്കാർക്ക് ഒരു തരത്തിലുള്ള സമ്മാനവും നൽകരുതെന്നും അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നുമുള്ള ധനമന്ത്രാലയത്തിന്‍റെ ഉത്തരവ് അവഗണിച്ച് പി.എൻ.ബി സർക്കുലർ ഇറക്കി. ദീപാവലി ദിവസമായ 20നകം എല്ലാ ജീവനക്കാർക്കും മധുരപലഹാരങ്ങളും പഴങ്ങളും അടങ്ങുന്ന, 2000 രൂപ മൂല്യമുള്ള സമ്മാനം വിതരണം ചെയ്യണമെന്നാണ് എച്ച്.ആർ വിഭാഗം ജനറൽ മാനേജർ ഇറക്കിയ സർക്കുലറിൽ ബ്രാഞ്ച് മേധാവികൾ മുതൽ ഡിവിഷൻ മേധാവികൾ വരെയുള്ളവർക്ക് നൽകിയ നിർദേശം. സമ്മാനം പണമായി നൽകരുതെന്നും സർക്കുലറിലുണ്ട്.
അതേസമയം, മറ്റൊരു പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് സമ്മാനം നൽകരുതെന്ന് കാണിച്ചും സർക്കുലർ പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാറിന്‍റെ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് എച്ച്.ആർ ജനറൽ മാനേജറുടെ സർക്കുലറിലുള്ളത്. രണ്ട് പൊതുമേഖല ബാങ്കുകൾ ഒരേ കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് പൊതുമേഖല ബാങ്കിങ് വൃത്തങ്ങളിൽ ആശ്ചര്യത്തിനിടയാക്കിയിട്ടുണ്ട്.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും ദീപാവലി ഉൾപ്പെടെ ഉത്സവകാലങ്ങളിൽ ജീവനക്കാർക്ക് സമ്മാനം നൽകുന്നത് വിലക്കി കഴിഞ്ഞ മാസം ധന മന്ത്രാലയം രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്. ഉന്നത പദവികളിലുള്ളവർ സ്ഥാപനത്തിന്‍റെ ചെലവിൽ ഉത്സവകാല യാത്രകളും അവലോകന യോഗങ്ങളുടെ പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽവാസവും മറ്റും അനുഭവിക്കുമ്പോൾ ജീവനക്കാർക്ക് വർഷത്തിലൊരിക്കൽ ചെറിയ സമ്മാനം നൽകുന്നതുപോലും വിലക്കുകയാണെന്നാണ് വിമർശനം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.