പോരാട്ടം; പേമെന്‍റ് ബാങ്കിങ് രംഗത്ത്

മുമ്പൊക്കെ കൈയില്‍ കാശുള്ളവരെത്തേടി ബാങ്കുകാര്‍ വീട്ടുവാതില്‍ക്കലത്തെുമായിരുന്നു; അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുന്നതിന്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പുതിയതരം ബാങ്കുകള്‍ രംഗത്തത്തെുകയാണ്, സ്മാര്‍ട്ട് ഫോണ്‍ കൈയിലുള്ളവരെത്തേടി. ലക്ഷ്യം അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കല്‍തന്നെ. രാജ്യവ്യാപകമായി പേമെന്‍റ് ബാങ്കുകള്‍ ആരംഭിച്ചതോടെയാണിത്. രണ്ട് പ്രമുഖ കമ്പനികളാണ് പേമെന്‍റ് ബാങ്കുകളിലേക്ക് ഇടപാടുകാരെത്തേടി ഇറങ്ങിയിരിക്കുന്നത്; എയര്‍ടെല്ലും പേടിഎമ്മും. നോട്ട് അസാധുവാക്കലിന്‍െറ സാഹചര്യത്തിലുള്ള ചില്ലറക്ഷാമവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയുമൊക്കെ ചേര്‍ന്ന് രാജ്യത്ത് പേമെന്‍റ് ബാങ്കുകള്‍ക്ക് വളക്കൂറുള്ള മണ്ണ് പരുവപ്പെടുത്തിയിരിക്കുകയാണ്.

പേമെന്‍റ് ബാങ്കിന് ലൈസന്‍സ് ലഭിച്ചതോടെതന്നെ കടുത്ത മത്സരവും തുടങ്ങിയിരുന്നു. ആരാദ്യം തുടങ്ങുമെന്നായിരുന്നു ആദ്യ മത്സരം. തങ്ങള്‍ക്ക് പേമെന്‍റ് ബാങ്ക് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ സാമൂഹികമാധ്യമങ്ങള്‍ വഴി ആദ്യംതന്നെ ഇടപാടുകാരെ അറിയിച്ചു. ഒക്ടോബറില്‍ ദീപാവലിയോട് അനുബന്ധിച്ച് പേമെന്‍റ് ബാങ്ക് സ്ഥാപിക്കാനായിരുന്നു പേടിഎമ്മിന്‍െറ ആദ്യ ശ്രമമെങ്കിലും അത് പാളി. വീണ്ടും തീയതി മാറ്റി; അതും      പാളി. അതിനിടെ, നവംബറില്‍ രാജസ്ഥാനില്‍ പൈലറ്റ് പ്രോജക്ട് തുടങ്ങി എയര്‍ടെല്‍ പേടിഎമ്മിനെ കടത്തിവെട്ടി; അങ്ങനെ രാജ്യത്തെ ആദ്യ പേമെന്‍റ് ബാങ്ക് എന്ന പേരും അവര്‍ നേടി.

ലൈസന്‍സ് ലഭിച്ചതോടെ തുടങ്ങിയ മത്സരം ഇപ്പോഴും തുടരുകയാണ്. അടിത്തറ വികസിപ്പിക്കുന്നതിനുള്ള മത്സരമാണ് ഇപ്പോള്‍ കടുത്തിരിക്കുന്നത്. 29 സംസ്ഥാനങ്ങളില്‍ ഒരേസമയം പേമെന്‍റ് ബാങ്കിങ് സൗകര്യം ലഭ്യമാക്കി എയര്‍ടെല്‍ ഒരടി മുന്നിലത്തെിയിരിക്കുകയാണ്. ഇതിന്‍െറ ഉദ്ഘാടനം കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍വഹിക്കുകയും ചെയ്തു. എയര്‍ടെല്‍ റീടെയ്ല്‍ സ്റ്റോറുകള്‍ വഴിയാണ് 29 സംസ്ഥാനങ്ങളിലും അവര്‍ സാന്നിധ്യം ഉറപ്പിക്കുന്നത്. റീടെയ്ല്‍ സ്റ്റോറുകള്‍ വഴി ഒറ്റദിവസംകൊണ്ട് 2,50,000 ബാങ്കിങ് പോയന്‍റുകളുടെ ശൃംഖലയുറപ്പിച്ചുവെന്ന അവകാശവാദവുമുണ്ട്. തുടക്കത്തില്‍ പത്തുലക്ഷം കച്ചവടക്കാരുടെ പ്രാതിനിധ്യമുണ്ടെന്നും ഭാവിയിലിത് 50 ലക്ഷം കച്ചവടക്കാരായി വര്‍ധിപ്പിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് ഓണ്‍ലൈന്‍ കാര്‍ഡ് രംഗത്തിറക്കാനും പദ്ധതിയുണ്ട്.

ഇതേ ചുവടുപിടിച്ചാണ് പേടിഎം പേമെന്‍റ് ബാങ്കിന്‍െറയും മുന്നേറ്റം. നേരത്തെതന്നെ പേടിഎം രാജ്യത്ത് സാന്നിധ്യമുറപ്പിച്ചിരുന്നുവെങ്കിലും നോട്ട് അസാധുവാക്കിയതോടെയാണ് സാന്നിധ്യം വ്യാപകമാക്കിയത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരംകിട്ടിയ 2000 രൂപ നോട്ടുകളുമായി ജനം നെട്ടോട്ടമോടുകയും ചെയ്തത് അവര്‍ക്ക് മികച്ച അവസരമായി. പെട്ടിക്കടയിലും കപ്പലണ്ടിക്കച്ചവടക്കാരന്‍െറ ഉന്തുവണ്ടിയിലുംവരെ പേടിഎം എംബ്ളവും അറിയിപ്പും സ്ഥാനം പിടിച്ചു. ഇതുകണ്ട് നിരവധിപേര്‍ പേടിഎം ആപ് ഡൗണ്‍ലോഡ് ചെയ്യുകയുമുണ്ടായി. ഇങ്ങനെ കിട്ടിയ അടിത്തറ പേമെന്‍റ് ബാങ്കിലേക്ക് ഒറ്റയടിക്ക് മാറ്റുകയാണവര്‍.

മണിവാലറ്റ് ആപ് ഡൗണ്‍ലോഡ് ചെയ്തവരെ പേമെന്‍റ് ബാങ്ക് ഇടപാടുകാരാക്കിയും മൊബൈല്‍ വാലറ്റിലുള്ള ബാക്കി പണം നിക്ഷേപമാക്കിയും കച്ചവടക്കാരെ സഹകാരികളാക്കിയും മാറ്റിയാണ് അവര്‍ അടിത്തറയൊരുക്കുന്നത്.

ഇതിനിടെ, ഭീം ആപ്പുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയപ്പോള്‍ അതിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലായി മണി വാലറ്റ് കമ്പനികള്‍. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റുന്നതിനുള്ള ഡിജിറ്റല്‍ വേദിയായ കേന്ദ്രസര്‍ക്കാറിന്‍െറ യുനൈറ്റഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യു.പി.ഐ) പ്ളാറ്റ് ഫോറംവഴി ഭീം ആപ്പുമായി സന്ധിയാകാനുള്ള ശ്രമമാണ്ഇപ്പോള്‍ നടക്കുന്നത്. ഏതായാലും പരമ്പരാഗത ബാങ്കിങ് സംവിധാനത്തതിന് പിന്നാലെ പേമെന്‍റ് ബാങ്കിങ് രംഗത്തും മത്സരം കനക്കുകയാണ്.

Tags:    
News Summary - payment banking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.