എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ല; തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കും -ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്കും സ്വകാര്യവത്കരിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സ്വകാര്യവത്കരണം വേണ്ടിവരുന്നിടത്തെല്ലാം തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കും. ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് തുടരുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന.

ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണം ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ്. ബാങ്കുകൾക്ക് കൂടുതൽ ലാഭമുണ്ടാകണം. രാജ്യത്തിന്‍റെ അഭിലാഷങ്ങൾ നിറവേറ്റാൻ ബാങ്കുകൾക്ക് പ്രാപ്തിയുണ്ടാകണം -ധനമന്ത്രി പറഞ്ഞു.

പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാന പ്രകാരം അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടക്കുന്നത്. ഒമ്പത്​ യൂനിയനുകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖല-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ഐ.ഡി.ബി.ഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽ.ഐ.സി ഓഹരി വിറ്റഴിക്കൽ, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രതിലോമപരമായതിനാൽ എതിർക്കപ്പെടണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. 

Tags:    
News Summary - Not All Banks Will Be Privatised: Finance Minister Amid Employees' Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.