ശമ്പള-പെൻഷൻ വിതരണത്തിന്​ ആഗസ്റ്റ്​ ഒന്ന്​ മുതൽ ഞായറാ​​​​ഴ്ചയോ ബാങ്ക്​ അവധി ദിനങ്ങളോ തടസ്സമാകില്ല

ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ആഗസ്​റ്റ്​ ഒന്ന്​ മുതൽ ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണല്‍ പേയ്മെന്‍റ്​ കോര്‍പ്പറേഷന്‍ ഒാഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ബള്‍ക്ക് പേയ്മെന്‍റ്​ സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ്​ ഹൗസിന്‍റെ (എന്‍.എ.സി.എച്ച്‌) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാക്കാന്‍ റിസർവ്​ ബാങ്ക്​ തീരുമാനിച്ചു.

വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പേയ്മെന്‍റ്​, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി, ഇൻഷുറന്‍സ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടില്‍നിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ്. നിലവില്‍ ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു എന്‍.എ.സി.എച്ച്‌ പ്രവര്‍ത്തിച്ചിരുന്നത്. 2021 ആഗസ്റ്റ് ഒന്നുമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കും.

എന്‍.എ.സി.എച്ച്‌ ഉപയോഗിക്കുന്ന ശമ്പള-പെന്‍ഷന്‍ വിതരണ സംവിധാനത്തില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ശമ്പളം നിശ്ചിത തീയതിയില്‍ത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയില്‍ എസ്.ഐ.പികളോ വായ്പ ഇ.എം.ഐയോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കില്‍ അവധിദിവസമാണെങ്കിലും അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടര്‍ന്ന് എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

Tags:    
News Summary - NACH service in holidays from August 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.