കേരള സഹകരണ ബാങ്ക് രൂപവത്കരണ റിപ്പോർട്ട്​ സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിെൻറ സ്വന്തം ബാങ്കായി കേരള സഹകരണ ബാങ്ക് രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുന്ന പ്രഫ. എം.എസ്. ശ്രീറാം സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളെ ലയിപ്പിച്ച് രൂപവത്കരിക്കുന്ന കേരള സഹകരണ ബാങ്ക് വഴി ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനും സഹകരണ മേഖലയെ സാങ്കേതികമായി ആധുനീകരിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിങ് ഇടപാടുകള്‍ സാധാരണക്കാരനും ലഭ്യമാകാന്‍ അയ്യായിരത്തോളം ഇടപാടുകളുടെ പോയൻറ് ഉണ്ടാകണമെന്നാണ് സമിതിയുടെ പ്രധാന ശിപാര്‍ശകളിലൊന്ന്​. ബാങ്ക് രൂപവത്കരണത്തിനായി റിസര്‍വ് ബാങ്കിെൻറ അനുമതി തേടും മുമ്പ്​ ഫിനാന്‍ഷ്യല്‍ സെക്​ഷന്‍ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. കേരള സഹകരണ ബാങ്കിെൻറയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും ഓഡിറ്റിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഈ അതോറിറ്റിക്ക്​ കീഴിലുണ്ടാകണം.

സംയോജനത്തിന് ആറ് ത്രൈമാസ നടപടി പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. അതായത് 18 മാസം. ഏഴാമത്തെ ത്രൈമാസം മുതല്‍ 15 ബാങ്കുകള്‍ സംയോജിപ്പിച്ച് ഒരു ബാങ്കായി പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയണം. ഈ ആവശ്യങ്ങള്‍ക്കായി 1000 കോടി രൂപയുടെ ബജറ്റ് വിഹിതം ദീര്‍ഘകാല വായ്പയായോ ഗ്രാൻറായോ അനുവദിക്കേണ്ടതുണ്ട്. ഘട്ടംഘട്ടമായുള്ളതും വികേന്ദ്രീകൃതവുമായ സംയോജന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ മാത്രം ഒന്നര വര്‍ഷത്തോളമെടുക്കുമെന്ന്​ റ​ിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികവിദ്യാ സംയോജനം, പ്രവര്‍ത്തനങ്ങളുടെ സംയോജനം, സാമ്പത്തിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിയമപരമായ സംയോജനം, മനുഷ്യവിഭവശേഷി സംയോജനം എന്നിങ്ങനെ നാലു ഘട്ടങ്ങളായാണ്​ സംയോജന നടപടി പൂർത്തിയാക്കേണ്ടത്​.

ജില്ല ബാങ്കുകളുടെ ലയനത്തി​െൻറ ഭാഗമായി ജീവനക്കാരെ കുറക്കില്ല. അതേസമയം ജീവനക്കാരെ ആവശ്യത്തിനനുസരിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നുണ്ട്​. ഒപ്പം ജീവനക്കാർക്ക്​ കൂടുതൽ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനം നല്‍കണമെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. കേരള ബാങ്ക് പ്രാഥമിക ബാങ്കുകളുമായി മത്സരിക്കരുതെന്നതാണ്​ മറ്റൊരു നിർദേശം. പ്രഫഷനല്‍ വൈദഗ്ധ‍്യമുള്ള ജീവനക്കാരും ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങളും പുതിയ ബാങ്കിങ് ഉൽപന്നങ്ങളും കേരള കോഓപറേറ്റിവ് ബാങ്കിെൻറ സവിശേഷതയായിരിക്കണം. റീജനല്‍ ബോര്‍ഡുകളോടെ മൂന്ന് റീജനല്‍ ഓഫിസുകള്‍ അതത് റീജനുകളിലെ അംഗങ്ങളില്‍നിന്ന്​ തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കണം. പ്രാദേശിക താൽപര്യങ്ങള്‍ സംരക്ഷിക്കാൻ ഇതുമൂലം കഴിയും. ഒരു കേന്ദ്ര ഓഫിസും കേന്ദ്ര ബോര്‍ഡും ഉണ്ടായിരിക്കണം. ലയനത്തി​െൻറ ഭാഗമായി കേരള സഹകരണ നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും റിപ്പോർട്ട്​ അടിവരയിടുന്നു.

Tags:    
News Summary - kerala bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.