മുംബൈ: കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാനുള്ള വിദേശ നിക്ഷേപ കമ്പനിയുടെ നീക്കത്തിന് തിരിച്ചടി. ആഗോള നിക്ഷേപ കമ്പനിയായ ബെയ്ൻ കാപിറ്റലാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരി വാങ്ങാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബെയ്ൻ കാപിറ്റലിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) യുടെ അനുമതി ലഭിക്കില്ലെന്നാണ് സൂചന.
നിലവിൽ ടൈഗർ കാപിറ്റൽ, ടൈഗർ ഹോം ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ 90 ശതമാനം ഓഹരികളുടെ ഉടമയാണ് ബെയ്ൻ കാപിറ്റൽ. 2023ലാണ് ഈ കമ്പനികളുടെ ഓഹരികൾ ബെയ്ൻ കാപിറ്റൽ വാങ്ങിക്കൂട്ടിയത്.
രണ്ട് ധനകാര്യ സ്ഥാപനങ്ങളുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാൻ ഒരു കമ്പനിക്ക് ആർ.ബി.ഐ അനുമതി നൽകില്ലെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ബെയ്ൻ കാപിറ്റലിന്റെ നിക്ഷേപ നീക്കം ആർ.ബി.ഐ തടയുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മണപ്പുറം ഫിനാൻസിന്റെ ഓഹരി വില വെള്ളിയാഴ്ച എട്ട് ശതമാനം ഇടിഞ്ഞു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 285 രൂപയാണ് നിലവിൽ ഒരു ഓഹരിയുടെ വില.
‘‘ടൈഗർ കാപിറ്റലിനേക്കാൾ കൂടുതൽ ലാഭം മണപ്പുറം ഫിനാൻസിലെ ദീർഘകാല നിക്ഷേപത്തിലൂടെ ബെയ്ൻ കാപിറ്റലിന് നേടാൻ കഴിയും. മണപ്പുറം ഫിനാൻസിലെ നിക്ഷേപത്തിന് അനുമതി ലഭിക്കണമെങ്കിൽ ടൈഗർ കാപിറ്റലിന്റെ ഓഹരി ഘട്ടംഘട്ടമായി വിൽക്കാനുള്ള പദ്ധതി ആർ.ബി.ഐക്ക് സമർപ്പിക്കേണ്ടി വരും’’ -രഹസ്യ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിലാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരി ബെയ്ൻ കാപിറ്റലിന് വിൽക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 4385 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 44 ശതമാനം ഓഹരികളാണ് ബെയ്ൻ കാപിറ്റൽ സ്വന്തമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.