ന്യൂഡൽഹി: ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ട. വെറും മണിക്കൂറുകൾക്കുള്ളിൽ ചെക്കുകൾ മാറിയെടുക്കാൻ കഴിയുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം ശനിയാഴ്ച മുതൽ നിലവിൽവന്നു. പൊതുമേഖല ബാങ്കുകൾക്ക് പുറമെ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ ബാങ്കുകളും ഇന്നുമുതൽ ഇത് നടപ്പാക്കും.
വേഗത്തിൽ ഇടപാടുകൾ നടത്താനും തട്ടിപ്പുകൾ തടയാനും പുതിയ മാറ്റം സഹായിക്കും. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരേസമയം സ്കാൻ ചെയ്തയക്കുന്ന ബാച്ച് പ്രൊസസിങ് രീതിയായിരുന്നു ഇതുവരെ പിന്തുടർന്നിരുന്നത്. ഇതുവഴി ചെക്കുകൾ മാറി പണം ലഭിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. പ്രവൃത്തി ദിവസം നിക്ഷേപിക്കുന്ന ചെക്കുകൾ അതേ ദിവസംതന്നെ മാറിയെടുക്കുന്നതാണ് ആദ്യഘട്ടം. ഇവിടെ ബാങ്കുകൾ ചെക്കുകളുടെ ചിത്രങ്ങളും മാഗ്നറ്റിക് ഇങ്ക് കാരക്ടർ റെക്കഗ്നിഷൻ ഡേറ്റയും സ്കാൻ ചെയ്ത് ക്ലിയറിങ് ഹൗസിലേക്ക് അയക്കും. ക്ലിയറിങ് ഹൗസ് ഈ ചിത്രങ്ങൾ പണം അടക്കേണ്ട ബാങ്കിന് (ഡ്രോയീ ബാങ്കിന്) അയക്കും. ഇതാണ് ഒക്ടോബർ നാലിന് നിലവിൽ വരുന്നത്.
അടുത്തവർഷം ജനുവരി മൂന്നിന് നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ ചെക്കുകൾ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ബാങ്കുകൾ പണം നൽകും. ഉദാഹരണത്തിന്, രാവിലെ 10നും 11നുമിടയിൽ ബാങ്കിലെത്തുന്ന ചെക്ക് രണ്ടു മണിക്ക് മുമ്പ് പാസാക്കണം. മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥിരീകരണം ലഭിച്ചില്ലെങ്കിലും ചെക്ക് അംഗീകരിച്ചതായി കണക്കാക്കും. ചെക്ക് ബൗൺസ് ആവുന്നത് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉറപ്പാക്കണമെന്നും ചെക്കിൽ നൽകിയ വിവരങ്ങളിൽ തെറ്റുകളില്ലെന്ന് ഉറപ്പാക്കണമെന്നും ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചെക്ക് ഇടപാടുകളിലെ തട്ടിപ്പ് തടയുന്നതിനായി ആർ.ബി.ഐ അവതരിപ്പിച്ച പോസിറ്റിവ് പേ സിസ്റ്റം ഉപയോഗിക്കാൻ ബാങ്കുകൾ നിർദേശിക്കുന്നു. 50,000ത്തിനു മുകളിലുള്ള ചെക്കാണെങ്കിൽ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, തീയതി, തുക, പേര് തുടങ്ങിയ വിവരങ്ങൾ 24 മണിക്കൂർ മുമ്പ് ബാങ്കിനെ അറിയിക്കുന്ന രീതിയാണിത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്കുകൾക്ക് ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന് കീഴിൽ പരിശോധിച്ചുറപ്പിച്ച ചെക്കുകൾ മാത്രമേ ആർ.ബി.ഐയുടെ തർക്ക പരിഹാര സംവിധാനത്തിൽ സംരക്ഷിക്കപ്പെടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.