കമ്പ്യൂട്ടർ തകരാർ കാരണം കാത്തിരിക്കണമെന്ന് ഇടപാടുകാരോട് ആവശ്യപ്പെട്ട് ഇന്നലെ ഒരു എസ്.ബി.ഐ ശാഖയിൽ പ്രദർശിപ്പിച്ച ബോർഡ്
തൃശൂർ: സാങ്കേതിക തകരാർ കാരണം ഇടപാട് വൈകുന്നതും മുടങ്ങുന്നതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗുരുതര പ്രശ്നമാകുന്നു. മാസങ്ങളായി തുടരുന്ന വിഷയം പുതിയ ചെയർമാൻ ഇടപെട്ടിട്ടും പരിഹാരമില്ലാതെ നീളുകയാണ്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകലാണ് മുഖ്യമെന്നാണ് ചുമലയേറ്റ ഉടൻ ചെയർമാൻ ദിനേഷ് കുമാർ ഖരെ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ, പ്രതികരിക്കാത്ത കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ഇത് എങ്ങനെ സാധ്യമാകുമെന്ന് ജീവനക്കാർ ചോദിക്കുന്നു.
പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ട നവംബറിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു തിങ്കളാഴ്ച. മാസാദ്യ ദിവസമെന്ന നിലക്കുള്ള മറ്റു തിരക്കുകളുമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് ശാഖയിലേക്ക് ഓൺലൈനായി നൽകാനാണ് നിർദേശം. ഇനിയും സമയമുണ്ടെങ്കിലും തിങ്കളാഴ്ചതന്നെ കുറെ പേർ അയച്ചു. എന്നാൽ, ഇഴയുന്ന കമ്പ്യൂട്ടറുകൾ ഉപഭോക്താക്കൾക്കും ബാങ്ക് ജീവനക്കാർക്കും ഒരുപോലെ വെല്ലുവിളിയായി.
മുംബൈയിലെ തകരാറാണ് മാസങ്ങളായി പറയുന്ന പ്രശ്നം. തിങ്കളാഴ്ച കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും എസ്.ബി.ഐ ശാഖകളിൽ ജോലി ഏറെ നേരം തടസ്സപ്പെട്ടു. എല്ലാതരം ഇടപാടുകളെയും ഇത് ബാധിച്ചു. ജീവനക്കാരുടെ സംഘടനകൾ നിരന്തരം ഉന്നയിച്ചതിനെ തുടർന്ന് രണ്ടുതവണ ഉന്നതതല ഇടപെടലുണ്ടായിട്ടും സാങ്കേതിക തകരാറിന് പരിഹാരമായില്ല. തകരാർ എന്താണെന്ന് ആരും കൃത്യമായി പറഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.