ലയനത്തിനൊപ്പം ഓഫിസര്‍ തസ്തികയില്‍ വ്യാപക അഴിച്ചുപണി വരുന്നു

കൊല്ലം: എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന് മുന്നോടിയായി എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ഓഫിസര്‍മാരുടെ അഴിച്ചുപണിക്ക് നീക്കം. അസോസിയേറ്റ് ബാങ്കുകളിലെ പ്രധാന ഓഫിസര്‍മാരുടെ തസ്തികകളില്‍ എസ്.ബി.ഐയില്‍നിന്നുള്ളവരെ നിയമിക്കാനാണ് ശ്രമം. ഏപ്രില്‍ ഒന്നിന് ലയനം നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എസ്.ബി.ഐ വേഗത്തിലാക്കിയിട്ടുണ്ട്. 

എസ്.ബി.ടിയില്‍ എല്ലാവര്‍ഷവും ഏപ്രില്‍-മേയ് മാസങ്ങളിലാണ് ഓഫിസര്‍മാരുടെ പൊതുസ്ഥലം മാറ്റം. ഇതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലയനം നടക്കുന്നതിനാല്‍ ഇക്കുറി എസ്.ബി.ഐ ജീവനക്കാരുടെ അപേക്ഷകള്‍കൂടി പരിഗണിച്ചാവും മാറ്റമെന്നാണ് സൂചന. കേരളത്തിന് പുറത്ത് എസ്.ബി.ഐയില്‍ ജോലിചെയ്യുന്ന നിരവധിപേര്‍ ഇവിടേക്ക് മാറ്റത്തിന് ശ്രമിക്കുന്നുമുണ്ട്. ഇവരില്‍ സീനിയറായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ലയനത്തിനൊപ്പം കേരളത്തിലെ എസ്.ബി.ടി ഓഫിസുകളിലേക്കും ശാഖകളിലേക്കും മാറ്റം നല്‍കിയേക്കും. 

ലയനവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനപ്രകാരം എസ്.ബി.ഐ നിശ്ചയിക്കുന്ന സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളെ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യാനാവില്ല. ആകെ 14,500ഓളം ജീവനക്കാരുള്ള എസ്.ബി.ടിയില്‍ പ്രബേഷനറി ഓഫിസര്‍, ഡെപ്യൂട്ടി മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ചീഫ് മാനേജര്‍ എന്നിവരടക്കം ഓഫിസര്‍തല തസ്തികയിലുള്ളവര്‍ അയ്യായിരത്തോളമാണ്. ക്ളറിക്കല്‍ തസ്തികയിലുള്ള എസ്.ബി.ടി ജീവനക്കാര്‍ക്ക് നിയമപ്രകാരം വിദൂരസ്ഥലംമാറ്റം ഇല്ലാത്തതിനാല്‍ അവരുടെകാര്യത്തില്‍ ലയനശേഷവും നിലവിലെ സ്ഥിതി തുടരും. 

ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ഥ്യമാക്കാന്‍ എസ്.ബി.ഐക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനം. അസോസിയേറ്റ് ബാങ്കുകളിലടക്കം പൂര്‍ണ ഇടപെടല്‍ നടത്താനും തടസ്സങ്ങള്‍ നീക്കി ലക്ഷ്യം സാക്ഷാത്കരിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ലയനത്തിനെതിരെ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ഉയര്‍ത്തുന്ന പ്രതിഷേധം അവഗണിക്കാന്‍ എസ്.ബി.ഐക്ക് കരുത്തുനല്‍കുന്നതാണ് ഗസറ്റ് വിജ്ഞാപനത്തിലെ വ്യവസ്ഥകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, അസോസിയേറ്റ് ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സേവന-വേതന വ്യവസ്ഥകളില്‍ കുറവുണ്ടാവില്ളെന്ന ഉറപ്പ് വിജ്ഞാപനം നല്‍കുന്നുണ്ട്.

Tags:    
News Summary - bank merging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.