ക്രെഡിറ്റ് സ്കോര്‍: എസ്.എം.എസും  ഇ-കോമേഴ്സ് ഇടപാടുകളും ബാധിച്ചേക്കാം

മുംബൈ: ഒൗദ്യോഗിക ധനകാര്യ സ്ഥാപനങ്ങളെല്ലാം വായ്പ നല്‍കുന്നതിനു മുമ്പ് പരിശോധിക്കുന്ന ഒന്നാണ് അപേക്ഷകന്‍െറ ക്രെഡിറ്റ് സ്കോര്‍. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളില്‍നിന്നാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളുടെ വായ്പ ചരിത്രവും സ്കോറും നേടുന്നത്. എന്നാല്‍, ഇതേവരെ വായ്പയെടുത്തിട്ടില്ലാത്തവരുടെയും സ്ഥിര വരുമാനമില്ലാത്തവരുടെയും കാര്യത്തിലോ? വ്യക്തിഗത വിവരങ്ങളും പൊതുവായി ലഭ്യമാകുന്ന സ്ഥിതി വിവരങ്ങളുമാണ് പല സ്ഥാപനങ്ങളും ഇത്തരക്കാരുടെ കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്. എസ്.എം.എസ്, ഇ-മെയില്‍, ഇ-കോമേഴ്സ് വിപണികളിലെ ചെലവഴിക്കലുകള്‍, സോഷ്യല്‍ മീഡിയകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയാണിവ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളുപയോഗിച്ചുള്ള എല്ലാ ഇടപാടുകള്‍ക്കും മിക്ക ബാങ്കുകളും ഫോണിലേക്ക് എസ്.എം.എസ് അയക്കാറുണ്ട്. ഇത്തരം എസ്.എം.എസുകളെ വിശകലനം ചെയ്ത് വ്യക്തിയുടെ സാമ്പത്തിക പെരുമാറ്റ രീതികളെ വിലയിരുത്താനുള്ള ആപ്പുകള്‍ക്ക് പല സ്ഥാപനങ്ങളും രൂപം നല്‍കിയിട്ടുണ്ട്. ഇതേപോലെ ഇ-കോമേഴ്സ് പ്ളാറ്റ്ഫോമുകളില്‍നിന്ന് നടത്തുന്ന എല്ലാ ഇടപാടുകളും അവിടെ ഒരു ഇടപാട് ചരിത്രം അവസാനിപ്പിച്ചാണ് പൂര്‍ത്തിയാകുന്നത്. ചെലവഴിക്കല്‍ പാറ്റേണ്‍ തിരിച്ചറിയാന്‍ ഇവയും ഉപയോഗിക്കാം. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കായി വായ്പ അനുവദിക്കുമ്പോഴാണ് ഇത് പരിശോധിക്കുന്നത്. ഫേസ്ബുക്, ഗൂഗ്ള്‍ പ്ളസ് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളാണ് വിലയിരുത്തപ്പെടുന്ന മറ്റൊരു ഘടകം. വ്യക്തിഗത വിവരങ്ങളുടെ സ്ഥിരീകരണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. അലക്ഷ്യമായി നല്‍കുന്ന പല വിവരങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ വിനയാവാം. സമൂഹിക മാധ്യമങ്ങളിലെ സുഹൃത്തുക്കളും ചിലപ്പോള്‍ വിനയാവാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.