ലയനപ്പേടിയില്‍ സഹകരണ ബാങ്കുകളും

കോഴിക്കോട്: എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിന് പിന്നാലെ സഹകരണ ബാങ്കുകളും ലയനപ്പേടിയില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ബാങ്ക് വരുമ്പോള്‍ നിലവിലെ സഹകരണ ബാങ്കുകളിലെ നിയമനമടക്കമുള്ള കാര്യങ്ങള്‍ ഏതുവിധേനയാകും എന്നത് സംബന്ധിച്ചാണ് ആശങ്ക. നിലവില്‍, ജില്ലാ സഹകരണ ബാങ്കുകളിലേക്കാണ് പി.എസ്.സി അപേക്ഷ ക്ഷണിക്കാറുള്ളത്. എന്നാല്‍, കേരള ബാങ്ക് വരുമ്പോള്‍ ഈ തസ്തികകളിലേക്ക് സംസ്ഥാനതലത്തില്‍ ഒന്നിച്ചാണ് പരീക്ഷ നടത്തുക. മുമ്പ് നടത്തിയ പരീക്ഷയുടെ കാര്യത്തില്‍ ഈ നിയമം പാലിക്കുമോ എന്നതാണ്  ഉദ്യോഗാര്‍ഥികളെ കുഴക്കുന്നത്.

നിലവില്‍ സഹകരണ ബാങ്കുകളില്‍ ക്ളര്‍ക്-കാഷ്യര്‍ പരീക്ഷ എഴുതിയവരാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലായത്.  2015 ഡിസംബര്‍ 19ന് പി.എസ്.സി ജില്ലാ ബാങ്ക് അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയുടെ സാധ്യതാ ലിസ്റ്റില്‍ 4484 പേരാണ്. പരീക്ഷയുടെ ഉത്തരസൂചിക രണ്ട് ദിവസത്തിനകംതന്നെ പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷ എഴുതി മൂന്ന് മാസത്തിനകം ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആറുമാസമായിട്ടും  ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. 

നേരിട്ടുള്ള നിയമനത്തിനും സൊസൈറ്റി വിഭാഗത്തിനും പകുതി വീതമാണ് വിഹിതം.  ഇത് പ്രകാരം ജില്ലകളില്‍ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഇപ്രകാരമാണ്.  ബ്രാക്കറ്റില്‍ സൊസൈറ്റി വിഭാഗം. തിരുവനന്തപുരം 200 (200), കൊല്ലം 150 (150), പത്തനംതിട്ട 150 (98), ആലപ്പുഴ 150 (150), കോട്ടയം 150 (140), ഇടുക്കി 150 (143), എറണാകുളം 200 (132), തൃശൂര്‍ 150 (130), പാലക്കാട് 200 (200), മലപ്പുറം 200 (125), കോഴിക്കോട് 250 (156), വയനാട് 150 (68), കണ്ണൂര്‍ 200 (200), കാസര്‍കോട് 150 (142). നേരിട്ടുള്ള നിയമനത്തിന് 2450 പേരെയും സൊസൈറ്റി വഴി 2034 പേരെയും ഉള്‍പ്പെടുത്താനാണ് പി.എസ്.സി തീരുമാനിച്ചത്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ സൊസൈറ്റി വഴി നിയമനത്തിന് പരീക്ഷ എഴുതിയ എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കേരളബാങ്ക് സഹകരണ ബാങ്ക് സംവിധാനത്തെ തകിടംമറിക്കും എന്ന ആശങ്കയിലാണ് സഹകരണ ബാങ്കുകള്‍. പ്രാദേശികമായ വികസനം ലക്ഷ്യം വെച്ചുള്ള സഹകരണ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ ഓരോ പ്രദേശത്തിനും നിക്ഷേപത്തിനും വിനിയോഗത്തിനുമുള്ള അവസരം നഷ്ടമാകുമെന്ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് ഐ.വി. മൂസ ‘മാധ്യമ’ത്തോട് പറഞ്ഞു. നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുടെ അനുമതി വേണ്ടതിനാല്‍ പദ്ധതി നടപ്പാവാന്‍ പ്രയാസമാണെന്നും ഇദ്ദേഹം പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.