പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വിപണി മൂല്യത്തെക്കാള്‍ ഒന്നര മടങ്ങ് അധികം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിപണി മൂല്യത്തെക്കാള്‍ ഒന്നര മടങ്ങ് അധികമാണ് അവ വരുത്തിവെച്ച കിട്ടാക്കടമെന്ന് സാമ്പത്തിക വിദഗ്ധര്‍.  ഏതാണ്ട് നാലു ലക്ഷം കോടിയിലധികം വരും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. അതായത്, ഇത്തരം ബാങ്കുകളില്‍ 100 രൂപ നിക്ഷേപിക്കുന്നവന് 150 രൂപയുടെ അധിക ബാധ്യത കിട്ടാക്കടത്തിലൂടെ സംഭവിക്കുമെന്നര്‍ഥം. നിലവില്‍ ബാങ്കുകള്‍ പ്രഖ്യാപിച്ച കണക്കുകള്‍ക്ക് പുറമെ ഭാവിയില്‍ പ്രഖ്യാപിക്കാനിടയുള്ള, ലോണുകള്‍ക്ക് ഈടായിവെച്ച നിഷ്ക്രിയ ആസ്തികള്‍കൂടി കൂട്ടുമ്പോള്‍ കിട്ടാക്കടം എട്ടു ലക്ഷം കോടിയായി ഉയരും. അതേസമയം, സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം അവരുടെ ഓഹരിവിപണി മൂല്യത്തെ അപേക്ഷിച്ച് 6.6 ശതമാനം മാത്രമാണ്. നിഷ്ക്രിയ ആസ്തികള്‍കൂടി കൂട്ടിയാലും ഓഹരിവിപണി മൂല്യത്തെ അപേക്ഷിച്ച് എട്ടിലൊന്നേ വരൂ. അതായത്, ആകെ കടം 46,000 കോടി മാത്രം.
ലോണുകള്‍ കൃത്യമായി തിരിച്ചടപ്പിക്കുന്നതില്‍ സ്വകാര്യ ബാങ്കുകള്‍ കാണിക്കുന്ന ജാഗ്രതയാണ് കിട്ടാക്കടത്തിന്‍െറ തോത് പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് കുറയാന്‍ കാരണം.
ബാങ്കിങ് മേഖലയിലെ മൊത്ത നിഷ്ക്രിയ ആസ്തി ബാങ്കുകള്‍ നല്‍കിയ ആകെ വായ്പകളുടെ അഞ്ചു ശതമാനമാണ്.
 2015 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍പ്രകാരം  എസ്.ബി.ഐ ഉള്‍പ്പെടെ 24 പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തി 3,93,035 കോടിയാണ്.
ഈ സ്ഥാപനങ്ങളുടെ ഓഹരി വിപണി മൂല്യം  2,62,955 കോടി രൂപയാണ്. 2017 മാര്‍ച്ചിനകം ബാങ്കുകള്‍ ബാലന്‍സ് ഷീറ്റ് ക്ളിയര്‍ ചെയ്യണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഈ സാഹചര്യത്തില്‍ നിഷ്ക്രിയ ആസ്തികളുടെ മൂല്യവും ബാങ്കുകള്‍ വെളിപ്പെടുത്തേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.