കിട്ടാക്കടം പെരുകി: പൊതുമേഖലാ ബാങ്കുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: കിട്ടാക്കടം പെരുകിയതോടെ പൊതുമേഖലാ ബാങ്കുകളുടെ വരുമാനത്തില്‍ വന്‍ ഇടിവ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദവര്‍ഷത്തില്‍ 11 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നഷ്ടം 12,867 കോടി രൂപയാണ്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ബാങ്ക് ഓഫ് ബറോഡയാണ്. 3342 കോടി രൂപയാണ് ഈ കാലയളവില്‍ ബാങ്ക് ഓഫ് ബറോഡക്കുണ്ടായ നഷ്ടം. ഒരു പൊതുമേഖലാ ബാങ്കിനുണ്ടാകുന്ന ഏറ്റവും വലിയ പാദവാര്‍ഷിക നഷ്ടമാണ് ഇത്.
 2012-13 മുതല്‍ 2014-15 വരെയുള്ള മൂന്നു സാമ്പത്തികവര്‍ഷംകൊണ്ട് രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഇതില്‍ 52,542 കോടി രൂപയും കഴിഞ്ഞ സാമ്പത്തികവര്‍ഷമാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ കിട്ടാക്കടത്തിന്‍െറ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2014-15 ല്‍ 52.6 ശതമാനം കൂടിയിട്ടുണ്ട്.
മൂന്നാം പാദത്തില്‍ ഐ.ഡി.ബി.ഐ ബാങ്കിനുണ്ടായ നഷ്ടം 2184 കോടി രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യക്ക് 1505 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. യൂക്കോ ബാങ്ക്-1497 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്-1425 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ-837 കോടി, ദേന ബാങ്ക്-663 കോടി, അലഹബാദ് ബാങ്ക്-486 കോടി, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്-425 കോടി, കോര്‍പറേഷന്‍ ബാങ്ക്-383 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക്-120 കോടി എന്നിങ്ങനെയാണ് ഈ കാലയളവില്‍ മറ്റു ബാങ്കുകളുടെ നഷ്ടം. എസ്.ബി.ഐ ഉള്‍പ്പെടെ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും അറ്റാദായത്തില്‍ കാര്യമായ കുറവുണ്ടായി. മൂന്നാം പാദത്തില്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തില്‍ തൊട്ടു മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 61.6 ശതമാനം കുറവാണുണ്ടായത്.
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്‍െറ അറ്റാദായം 1115.34 കോടി രൂപയാണ്. തലേവര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 2910.06 കോടി രൂപയായിരുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ അറ്റാദായം 93 ശതമാനം കുറഞ്ഞ് 51 കോടി രൂപയും കനറാ ബാങ്കിന്‍െറ അറ്റാദായം 87 ശതമാനം ഇടിഞ്ഞ് 84.9 കോടി രൂപയുമായി. പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ക്കുള്ള ആലോചനയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.